
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ ഹുമയൂണ്‍ ടോംപിന്റെ ഭിത്തി ഇടിഞ്ഞു വീണ് അഞ്ചുപേര്‍ മരിച്ചതായി കണക്കുകള്‍. നിരവധിയാളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. 11 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്‍മാരുമാണ് മരിച്ചത്. ഹുമയൂണ്‍ ടോംപ് കോംപ്ലക്‌സിന്റെ മതിലിന്റെ ഒരുഭാഗമാണ് ഇടിഞ്ഞു വീണത്.
വെള്ളിയാഴ്ച ഉച്ചയോടെ ഡല്‍ഹി നിസാമുദ്ദീനില്‍ സ്ഥിതി ചെയ്യുന്ന ഹുമയൂണ്‍ ടോംപ് കോംപ്ലക്‌സിന്റെ മതിലിന്റെ ഒരുഭാഗമാണ് ഇടിഞ്ഞു വീണത്. സംഭവം നടന്നയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഏതാനും ആളുകളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഡല്‍ഹി ഫയര്‍ സര്‍വീസും മറ്റു ദുരന്ത നിവാരണ സംഘങ്ങളും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിര്‍മിക്കപ്പെട്ടെന്ന് കരുതുന്ന പൈതൃക കേന്ദ്രമാണ് ഹുമയൂണ്‍ ടോംപ്. യുനെസ്‌കോ അംഗീകാരം ലഭിച്ച ഹുമയൂണ്‍ ടോംപിലേക്ക് വര്‍ഷം തോറും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്.



