മരണസംഖ്യ കുത്തനെ ഉയര്‍ന്ന് ജമ്മു കശ്മീര്‍ മേഘവിസ്‌ഫോടന ദുരന്തം; മരണം 60 ആയി; നൂറിലധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനം ഇതുവരെ 60 പേരുടെ ജീവനെടുത്തതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ രണ്ട് കേന്ദ്ര വ്യാവസായിക സുരക്ഷാസേനാ ഉദ്യോഗസ്ഥരും മച്ചൈല്‍ മാതാ തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. ദാരുണസംഭവത്തില്‍ ഇതുവരെ 120 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ദുരന്തത്തിനു പിന്നാലെ സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പൊലീസ്, ഇന്ത്യന്‍ സൈന്യം, പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കിഷ്ത്വാറിലെ മേഘവിസ്‌ഫോടനത്തില്‍ 60 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും 100 ലധികം പേര്‍ക്ക് പരുക്കേറ്റതായും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കി. മേഘവിസ്‌ഫോടനം ഉണ്ടായപ്പോള്‍ ഏകദേശം 1,200 പേര്‍ സ്ഥലത്തുണ്ടായിരുന്നതായും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും പ്രദേശത്തെ എംഎല്‍എയും വ്യക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് കിഷ്ത്വാര്‍ ജില്ലയിലെ ചോസിതി പ്രദേശത്ത് വന്‍ മേഘവിസ്‌ഫോടനം ഉണ്ടായത്. മച്ചൈല്‍ മാതാ തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള റോഡിലെ ഗ്രാമമാണ് ചോസിതി. മേഘവിസ്‌ഫോടനത്തിന് തൊട്ടുപിന്നാലെ മേഖലയില്‍ മിന്നല്‍ പ്രളയമുണ്ടായി. നിരവധി പേരെ കാണാതാകുകയും മണ്ണിടിച്ചില്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി വീടുകളും കടകളും വാഹനങ്ങളും മണ്ണിനടിയിലാകുകയും ചെയ്തു. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളില്‍ 21 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.

Scroll to Top