മലപ്പുറത്ത് നവദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; വിവാഹിതരായത് മൂന്നുമാസം മുന്‍പ്; കുടുംബപ്രശ്‌നങ്ങളെന്ന് സൂചന

മലപ്പുറം : മലപ്പുറത്ത് മൂന്നുമാസം മുന്‍പ് വിവാഹിതരായ നവദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂരിലാണ് ദമ്പതികളെ വിഷം കഴിച്ചും തൂങ്ങിയ നിലയിലും കണ്ടെത്തിയത്. നിലമ്പൂര്‍ മണലോടി കറുത്തേടത്ത് നടരാജന്‍-സത്യഭാമ ദമ്പതികളുടെ മകന്‍ രാജേഷ് (23), എരുമമുണ്ട കാനക്കുത്ത് അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത്. 3 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും അമൃതയെ തൂങ്ങിയ നിലയിലും വീട്ടില്‍ കണ്ടെത്തുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അമൃതയ്ക്ക് ചെറിയ അനക്കമുണ്ടായിരുന്നു. അയല്‍വാസികള്‍ അമൃതയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. കുടുംബപ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല

Scroll to Top