
പട്‌ന : വോട്ട് മോഷണത്തിനെതിരായ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അവകാശയാത്രയ്ക്ക് നാളെ ബിഹാറിന്റെ മണ്ണില്‍ നിന്ന് തുടക്കമാകും. ജനങ്ങളുടെ അടിസ്ഥാന ആവശ്യം സംരക്ഷിക്കുന്നതിനാണ് വോട്ടര്‍ അവകാശ യാത്രയുമായി ജനങ്ങള്‍ക്കിടയില്‍ എത്തുന്നതെന്ന് രാഹുല്‍ഗാന്ധി അറിയിച്ചു. അടിസ്ഥാനപരമായ ജനാധിപത്യ അവകാശമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഭരണഘടനയെ സംരക്ഷിക്കാന്‍ ബീഹാറില്‍ ഒപ്പം ചേരൂ എന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
രാജ്യത്തെ നടുക്കിയ വോട്ട് മോഷണത്തിനെതിരായ യാത്ര ബിഹാറിന്റെ മണ്ണില്‍ നിന്ന് തുടങ്ങുന്നതായി രാഹുല്‍ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. ആഗസ്ത് 17ന് ബിഹാറില്‍ നിന്ന് യാത്ര ആരംഭിക്കും. 16 ദിവസങ്ങളിലായി നടക്കുന്ന യാത്ര ഇരുപതിലധികം ജില്ലകള്‍ പിന്നിട്ട് 1300 ല്‍ അധികം കിലോമീറ്ററുകള്‍ സഞ്ചരിക്കും. കേവലം തെരഞ്ഞെടുപ്പ് വിഷയമല്ല, ജനാധിപത്യത്തെയും, ഭരണഘടനയേയും സംരക്ഷിക്കാനുള്ള വലിയ ദൗത്യമാണിതെന്നും വോട്ട് മോഷ്ടാക്കളെ തുരത്തുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധി പുറത്തുകൊണ്ടുവന്ന വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ബിജെപിക്കെതിരെയും കേന്ദ്ര ഗവണ്‍മെന്റിനെതിരെയും ഉയരുന്നത്. എംപിമാരടക്കമുള്ള പ്രതിപക്ഷ പ്രതിനിധികളും നേതാക്കളും തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. നിലവില്‍ രാജ്യത്തുടനീളം വിഷയത്തില്‍ റാലിയും പ്രതിഷേധവും നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഭരണഘടനയെ സംരക്ഷിക്കാന്‍ ബീഹാറില്‍ ഞങ്ങളോടൊപ്പം ചേരൂ എന്നാണ് രാഹുല്‍ഗാന്ധി അറിയിച്ചത്.



