
ഗസ്സയില്‍ നടന്ന വലിയ ഒരു ആക്രമണത്തിന്റെ വാര്‍ത്ത കേട്ടാണ് ഇന്ന് ലോകം ഉണര്‍ന്നത്. ഗസ്സയിലെ ആയുധ സംഭരണ കേന്ദ്രം ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയെന്നും ഹമാസ് നേതാവിനെ വധിച്ചതായുമുള്ള ഇസ്രായേല്‍ വെൡപ്പെടുത്തലായിരുന്നു അത്. വീഡിയോ സഹിതമാണ് ഇസ്രായേല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അതും ഹമാസിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് കൊല്ലപ്പെട്ടത് എന്നു കൂടി അറിയുമ്പോഴാണ് ഹമാസിനുണ്ടായ തിരിച്ചടിയുടെ ആഘാതം വ്യക്തമാകുന്നത്. ഹമാസിന്റെ ആക്രമണ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്ന നാസര്‍ മൂസയാണ് കൊല്ലപ്പെട്ടത്. ഗസ്സ മുനമ്പിലെ ഖാന് യൂനുസില്‍ പ്രവര്‍ത്തിച്ചിരുന്ന ആയുധ സംഭരണ കേന്ദ്രവും ഇസ്രായേല്‍ തകര്‍ത്തിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടു. ഗസ്സയില്‍ തുടരുന്ന പട്ടിണി മരങ്ങള്‍ക്കും ഗാസയുടെ നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുത്തേക്കുമെന്നുമുള്ള ആശങ്കയ്ക്കിടെയാണ് അരക്ഷിതാവസ്ഥ ഏറ്റി ഈ ആക്രമണ വാര്‍ത്ത കൂടി പുറത്തുവരുന്നത്.
ഇക്കഴിഞ്ഞ ആഗസ്ത് ഒന്‍പതിനായിരുന്നു ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കുന്നുണ്ട്. ഒന്‍പത് ദിവസങ്ങള്‍ക്കു ശേഷമാണ് ഇസ്രായേല്‍ ആക്രമണ വിവരം വീഡിയോ തെളിവ് സഹിതം പുറത്തുവിടുന്നത്. നാലുമാസത്തിനിടെ ഗസ്സയ്ക്കും ഹമാസിനും നേര്‍ക്കുണ്ടാകുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണിത്. ഇക്കഴിഞ്ഞ മെയ് മാസത്തിലും ഹമാസിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. അന്ന് ഹമാസ് റഫ ബ്രിഗേഡ് കമാന്‍ഡറായിരുന്ന മുഹമ്മദ് ഷബാനയാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനു തൊട്ടുപിന്നാലെയാണ് മറ്റൊരു പ്രധാന നേതാവ് കൂടി ഇസ്രായേല്‍ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മുഹമ്മദ് ഷബാനയുടെ അടുത്ത അനുയായിയായിരുന്നു നാസര്‍ മൂസ. റഫ ബ്രിഗേഡിലെ രഹസ്യന്വേഷണ മേധവിയും നിരീക്ഷണ സംവിധാനത്തിന്റെ തലവനും മൂസയായിരുന്നു. ഖാന് യൂനിസിലെ ഒരു കെട്ടിടമാണ് ഹമാസ് തങ്ങളുടെ റോക്കറ്റുകള്‍ സൂക്ഷിച്ചിക്കാന്‍ ഉപയോഗിച്ചിരുന്നത്. ഈ കെട്ടിടം തകര്‍ത്തെന്നാണ് വീഡിയോ സഹിതം ഐഡിഎഫ് അവകാശപ്പെടുന്നത്.
കഴിഞ്ഞയാഴ്ച ചേര്‍ന്ന ഇസ്രായേല്‍ മന്ത്രിസഭായോഗം സുപ്രധാനമായ ഒരു തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. ഗസ്സയുടെ നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുക്കുമെന്നും ഗസ്സയില്‍ പൗരഭരണകൂടം സ്ഥാപിക്കുമെന്നുമായിരുന്നു അത്. വലിപ്പച്ചെറുപ്പമില്ലാതെ ഇസ്രായേല്‍ തീരുമാനം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പിനിടയാക്കിയ തീരുമാനമായിരുന്നു അത്. ഇതിനെതിരെ വന്‍കിട ലോകശക്തികള്‍ പോലും ഇസ്രായേലിനെ എതിര്‍ത്ത് രംഗത്ത് വന്നു. ഇസ്രായേലിന്റെ വിവാദ തീരുമാനം വന്ന് ദിവസങ്ങള്‍ക്കകമാണ് വ്യോമാക്രമണം നടന്നത് എന്നത് കൂടി ഇതിനോട് ചേര്‍ത്തുവായിക്കണം. അതോടൊപ്പമാണ് ഇസ്രായേലിനെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട മറ്റൊരു വാര്‍ത്തയും കൂട്ടിവായിക്കേണ്ടത്. ഗസ്സയെ ഇസ്രായേല്‍ ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗസ്സയിലെ ജനങ്ങളെ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലേക്ക് മാറ്റി പുനരധിവസിപ്പിക്കാന്‍ ഇസ്രായേല്‍ ആലോചിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ സുഡാന് വിദേശകാര്യ മന്ത്രി സെമയ കുംബയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച നടത്തിയതായും ചില വിശ്വസനീയ സോഴ്സുകളെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പലസ്തീന് ജനതയെ നാടുകടത്തി പലസ്തീനെ ഒന്നടങ്കം കയ്യടക്കാനുള്ള ഇസ്രായേല്‍ പദ്ധതിയായിട്ടാണ് ഇതിനെ കാണേണ്ടത്. ഗസ്സ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ലക്ഷ്യസ്ഥാനം കണ്ടെത്താന്‍ ഏതാനും രാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി നെതന്യാഹു തന്നെ കുംബയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുനരധിവാസ വാര്‍ത്തയോട് ഇസ്രായേലി അധികൃതര്‍ പ്രതികരിച്ചിട്ടില്ലെങ്കിലും നിഷേധിച്ചിട്ടില്ല എന്നു കൂടി ഇതിനോട് ചേര്‍ത്തു വായിക്കണം. കാലങ്ങളായി രാഷ്ട്രീയ വംശീയ അസ്ഥിരത അനുഭവിക്കുന്ന ഒരു രാജ്യമാണ് ദക്ഷിണ സുഡാന്. അത്തരമൊരു രാജ്യത്തേക്ക്, ഇപ്പോള്‍ തന്നെ വംശീയ ഉന്മൂലന ഭീഷണി നേരിടുന്ന ഒരു ജനതയെ നാടുകടത്താന്‍ ശ്രമിക്കുന്നതിലൂടെ ഇസ്രായേല്‍ ലക്ഷ്യം വയക്കുന്നത് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. വംശീയമായും രാഷ്ട്രീയമായും ഒരു ജനതയെ ഇല്ലായ്മ ചെയ്യുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. എന്നാല്‍, ഇത്തരമൊരു നീക്കത്തെ എന്ത് വില കൊടുത്തും എതിര്‍ക്കുമെന്ന് പലസ്തീന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു കാര്യം ഇസ്രായേലിന്റെ ഏക ആഗോള പിന്തുണക്കാരായ അമേരിക്ക പോലും ഇക്കാര്യത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ലെന്നത് കൂടി ഇതുമായി കൂട്ടി വായിക്കണം.
ഗസ്സയില്‍ പട്ടിണി മരണങ്ങള് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതത്തിലായ ഗസ്സയിലെ പാവം ജനങ്ങള്‍ വിശപ്പിനോട് പൊരുതി മരണത്തിന് കീഴടങ്ങുന്നു. പട്ടിണി കിടന്ന് അനുദിനം മരിക്കുന്ന നിസ്സഹായരായ ഒരു കൂട്ടം ജനതയെ ആക്രമിച്ചും ഇല്ലായ്മ ചെയ്യുകയാണ് ഇസ്രയേല്‍ ക്രൂരത. ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണി കിടക്കുന്ന ജനതയ്ക്ക് സഹായം വിതരണം ചെയ്യുന്ന കേന്ദ്രത്തിനു നേര്‍ക്ക് പോലും ഇസ്രായേലി സൈന്യം ആക്രമണം അഴിച്ചു വിടുന്നുണ്ട്. കഴിഞ്ഞ ദിവസം 11 പേര് പട്ടിണി മൂലം മരിച്ചപ്പോള്‍ സഹായവിതരണ കേന്ദ്രം ആക്രമിച്ചതിലൂടെ 12 പേരാണ് കൊല്ലപ്പെട്ടത്. ഒരു പിഞ്ചു കുഞ്ഞും മാതാപിതാക്കളും അടക്കം 25 പേരാണ് ഇന്നലെ ഒരുദിവസം മാത്രം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലക്ഷ്യം വയ്ക്കുന്നത് ഹമാസിന്റെ സൈനിക ശേഷി ഇല്ലാാക്കുകയാണെന്നും സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടത് മുഴുവന്‍ സാധാരണക്കാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. സഹായവിതരണ കേന്ദ്രങ്ങളില്‍ മേയ് അവസാനം മുതല്‍ ഇതുവരെയുണ്ടായ ആക്രമണങ്ങളില്‍ 1,760 പേര് കൊല്ലപ്പെട്ടതായാണു യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 251 ആയിട്ടുണ്ട്. 2023 ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ ഗസ്സയില്‍ പഇസ്രയേല് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 61,827 പേരാണെന്നും ഓര്‍ക്കണം.
അതിനിടെ ഗസ്സയ്ക്കിതെരായ അധിനിവേശവും ഗസ്സയിലെ പട്ടിണിയും അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്-യൂറോപ്യന്‍ യൂണിയന് സാമ്പത്തിക വിദഗ്ധര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് തുറന്ന കത്തയച്ചിട്ടുണ്ട്. 10 നൊബേല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പടെ ഇരുപത്തിമൂന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധരാണ് സംയുക്തമായി ഒപ്പിട്ട് കത്തയച്ചത്. സൈനികമായി ഗസ്സയെ കൈവശപ്പെടുത്താനുള്ള ഇസ്രായേല്‍ പദ്ധതിയെ കൂടി കത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. സാമ്പത്തിക വിദഗ്ധരുടെ പ്രധാന ആശങ്കകള്‍ പലസ്തീന് ജനതയ്ക്ക് ഭക്ഷ്യസഹായം ലഭിക്കാത്തതിലും പട്ടിണിയിലും വംശീയ ഉന്മൂലനത്തിലും വലയുന്ന ഒരു ജനതയെ നിര്‍ബന്ധിതമായി നാടുകടത്തി മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കത്തെ കുറിച്ചുമാണ്. ഗസ്സയിലെ 21ലക്ഷം വരുന്ന ജനസംഖ്യയില്‍ മൂന്നിലൊന്നു പേരും ഭക്ഷണമില്ലാതെ നിരവധി ദിവസങ്ങള്‍ കഴിഞ്ഞതായുള്ള ഐക്യരാഷ്ട്രസഭയുടെ ഡാറ്റ കൂടി ഈ സാമ്പത്തിക വിദഗ്ധ സംഘം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ നാലുമാസത്തിനിടെ ഗസ്സയില്‍ സഹായം തേടിയെത്തിയ സാധാരണക്കാരായ 1,760 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഐക്യരാഷ്ട്രലഭയുടെ മനുഷ്യാവകാശ ഓഫിസ് പുറത്തുവിട്ടത്. ആഗസ്തിന്റെ തുടക്കത്തിലെ കണക്കുകളെ അപേക്ഷിച്ച് ആഗസ്ത് മധ്യം ആയപ്പോള്‍ തന്നെ നൂറുകണക്കിന് ആളുകള്‍ ഈ കണക്കില്‍ വര്‍ധിച്ചിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം നടത്തുന്ന കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണിത്. ഒരുവെള്ളിയാഴ്ച മാനുഷിക സഹായം കാത്തിരുന്ന 12 പേരടക്കം 38 പേരെയാണ് ഇസ്രായേല്‍ െൈസന്യം കൂട്ടക്കുരുതി നടത്തിയത്. ഒരു ജനതയെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഇസ്രായേല്‍ ക്രൂരതയാണ് ഈ കണക്കുകളിലൂടെ എല്ലാം തെളിയുന്നത്. ഗസ്സ മുനമ്പില്‍ ഒരുദിവസം ശുഭ സുപ്രഭാതം പൊട്ടിവിടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.



