
മൗനിബാബയായിരുന്ന സുരേഷ് ഗോപി ഒടുവിലിതാ ഭരത് ചന്ദ്രനായിരിക്കുന്നു. എല്ലാം കൂടി ഒറ്റ ഡയലോഗില്‍ വഴിതിരിച്ചു വിട്ട് തനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ് കളം വിടുകയാണ് സുരേഷ് ഗോപി. തൃശ്ശൂരിലെ വോട്ട് കൊള്ള വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണത്രേ. തനിക്ക് ഇതിന് മറുപടി പറയേണ്ട ആവശ്യമില്ലെന്നും താന്‍ മന്ത്രിയാണെന്നുമാണ് തൃശ്ശൂരുകാര് തെരഞ്ഞെടുത്തയച്ച സുരേഷ് ഗോപിയുടെ വാദം. അങ്ങനെ തനിക്ക് ഉത്തരവാദിത്തം ഒന്നുമില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി കൈകഴുകിയാല്‍ അതങ്ങ് കണ്ണും പൂട്ടി ജനങ്ങള്‍ വിശ്വസിക്കണമെന്നാണ് സുരേഷ് ഗോപി കരുതിയിരിക്കുന്നത്. എന്നിട്ട് ആരോപണം ഉന്നയിച്ചവരെ വാനരന്മാര് എന്ന ഒരു പരിഹാസവും. സര്, താങ്കള്‍ ഒരു ജനപ്രതിനിധിയാണ്. തീര്‍ച്ചയായും മറുപടി പറയേണ്ട ആള് തന്നെയാണ്. പിന്നെയും താങ്കള്‍ കണ്ണടച്ച് ഇരുട്ടാക്കിയാല്‍ താങ്കള്‍ക്ക് മാത്രമേ ഇരുട്ടാകൂ സര്, ലോകം ഇരുട്ടിലാകുന്നില്ല. ജനം എല്ലാം കണ്ടു കൊണ്ടിരിക്കുന്നുണ്ട്.
പത്ത് ദിവസത്തോളമായി കേരളം തുടര്‍ച്ചയായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് തൃശ്ശൂരിലെ കള്ളവോട്ട്. ചുരുക്കിപ്പറഞ്ഞാല്‍ രാഹുല്‍ഗാന്ധി കര്‍ണാടക ഉദാഹരണമാക്കി രാജ്യത്ത് ബിജെപി വ്യാപകമായി വ്യാജവോട്ടും കള്ളവോട്ടും ചേര്‍ത്തെന്ന് ആരോപിച്ചതിന് തൊട്ടടുത്ത ദിവസം മുതല്‍ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലവും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ നിന്ന് എംപിയായി വിജയിച്ച സുരേഷ് ഗോപിയുടെ കുടുംബവും അദ്ദേഹത്തിന്റെ ഡ്രൈവറും അടക്കം തൃശ്ശൂരില്‍ കള്ളവോട്ട് ചെയ്തെന്ന ഗുരുതര ആരോപണമാണ് പുറത്തുവന്നത്. ഇതിനു ശേഷം ഒരിക്കല്‍ പോലും ഈ വിവാദങ്ങളിലൊന്നും മറുപടി പറയാത്ത സുരേഷ് ഗോപി ഇന്നാണ് വിഷയത്തില്‍ മറുപടി പറയേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പറഞ്ഞ് രംഗത്ത് വരുന്നത്. അതെങ്ങനെയാണ് സുരേഷ് ഗോപി സാര്‍, താങ്കളുടെ തെരഞ്ഞെടുപ്പിന്റെ സുതാര്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ താങ്കള്‍ക്ക് ഒരു മറുപടിയും ഇല്ലാതിരിക്കുന്നത്.

മന്ത്രിയായതിനാല്‍ തനിക്ക് മറുപടി പറയേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. സാര്‍, മന്ത്രി എന്ന പ്രിവിലേജിനപ്പുറം താങ്കള്‍ ഒരു ജനപ്രതിനിധിയാണ്. ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച, നാളെ വീണ്ടും അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു മുന്നില്‍ ചെന്ന് നിന്ന് വോട്ട് ചോദിക്കേണ്ട ഒരു പൊതുപ്രവര്ത്തകന് കൂടിയാണ്. അങ്ങനെയുള്ള അങ്ങ്, തനിക്ക് ഇതിലൊ്ന്നും മറുപടി പറയാന്‍ ബാധ്യതയില്ലെന്ന് പറയുന്നത് തികഞ്ഞ ധിക്കാരമാണ്. നാളെ മറ്റൊരു തെരഞ്ഞെടുപ്പില്‍ വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ താങ്കള്‍ അന്ന് മറുപടി പറഞ്ഞില്ലല്ലോ അതുകൊണ്ട് വോട്ട് ചെയ്യാന്‍ തങ്ങള്‍ക്കും മനസ്സില്ലെന്ന മറുപടി വോട്ടറില്‍ നിന്ന് താങ്കളും പ്രതീക്ഷിക്കേണ്ടി വരും. അല്ലാതെ ഞാന്‍ മന്ത്രിയാണ് അതുകൊണ്ട് മറുപടി പറയേണ്ട ബാധ്യത ഇല്ലെന്നൊക്കെ പറയുന്നത് തികച്ചും ബാലിശമാണ്. മന്ത്രിയായത് കൊണ്ട് സ്വന്തം തെരഞ്ഞെടുപ്പിന്റെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചു കളിക്കാന്‍ തക്ക ഇമ്മ്യൂണിറ്റി ഒന്നും മന്ത്രിസ്ഥാനത്തിനുണ്ടെന്ന് കരുതാനാകില്ല.
ഇവിടെ ആരോപണത്തിന്റെ നിഴലിലുള്ളത് ആദ്യം താങ്കളുടെ തന്നെ കുടുംബവും ഡ്രൈവറും ഒക്കെയാണ്. അനുജനും ഭാര്യയും മക്കളും ഡ്രൈവറും അടങ്ങുന്ന 11 പേര്‍ക്ക് തൃശ്ശൂരില്‍ ഇരട്ട വോട്ട് ഉണ്ടായത് എങ്ങനെയെന്നതിന് തീര്‍ച്ചയായും താങ്കള്‍ തന്നെയാണ് സാര്‍ മറുപടി പറയേണ്ടത്. കൊല്ലത്ത് വോട്ടുള്ള അനുജനും ഭാര്യയും മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായുണ്ടാക്കി തൃശ്ശൂരില്‍ വോട്ട് ചേര്‍ത്തത് എങ്ങനെയാണ്, തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് വോട്ടുള്ള ഡ്രൈവര്‍ അജയ്കുമാറിന് എങ്ങനെ തൃശ്ശൂരില്‍ സ്ഥിരതാമസമാക്കാതെ വോട്ട് ലഭിച്ചു. ഇനി താങ്കള്‍ സ്ഥാനാര്‍ത്ഥിയായപ്പോഴും തൃശ്ശൂരില്‍ താമസമായപ്പോഴും കൂടെയുണ്ടായതു കൊണ്ടാണെന്ന ന്യായം നിരത്തിയാല്‍ പോലും ഒരു നിശ്ചിതകാലമായി ഒരിടത്ത് സ്ഥിരതാമസക്കാരന് ആകാതെ വോട്ട് ചേര്‍ക്കരുതെന്ന നിയമം കൂടി അവിടെ ലംഘിക്കപ്പെടുകയല്ലേ. അതും പോട്ടെ ഇവരുടെ ഒക്കെ വോട്ട് ഒരു സുപ്രഭാതത്തില്‍ തൃശ്ശൂരില്‍ നിന്ന് അപ്രത്യക്ഷമായതെങ്ങനെയാണ്. മറ്റു വ്യാജ വോട്ടുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും ബിഎല്‍ഒമാരും വോട്ടുകളെല്ലാം തങ്ങളാണ് ചേര്‍ത്തത് അഭിമാനത്തോടെ പറയുന്ന താങ്കളുടെ പാര്‍ട്ടിയും മറുപടി പറഞ്ഞാലും സ്വന്തം കുടുംബത്തിന്റെ കള്ളവോട്ടിനെങ്കിലും മറുപടി പറയാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട് സുരേഷ് ഗോപി സാര്‍. അവിടെ ഭരത് ചന്ദ്രന് കളിച്ചത് കൊണ്ടോ മാസ് ഡയലോഗ് അടിച്ചത് കൊണ്ടോ സത്യം സത്യമല്ലാതാകില്ല. അതുകൊണ്ട് ജനം ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ താങ്കള്‍ക്ക് ധാര്‍മികമായ ഉത്തരവാദിത്തം ഉണ്ട്. അല്ലാതെ മന്ത്രിയെന്ന അധികാരത്തിന്റെ അലങ്കാരമോ, പ്രിവിലേജോ, ഇമ്മ്യൂണിറ്റിയോ താങ്കളെ ആ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് അകറ്റുന്നില്ലെന്ന് ഓര്‍ക്കണം.
ഇവിടെ വ്യാജവോട്ടുകള്‍ക്ക് മറുപടി പറയേണ്ടത് പൂര്‍ണമായും തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നത് വസ്തുത തന്നെയാണ്. പ്രത്യേകിച്ച് മുഴുവന്‍ വ്യാജവോട്ടുകളും അന്നത്തെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണെന്ന ആരോപണം ശക്തമായി തന്നെ നിലനില്‍ക്കുകയുമാണ്. എല്ലാ ചോദ്യങ്ങളുടെയും കുന്തമുന നീളുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഉദ്യോഗസ്ഥരിലേക്കുമാണ്. വ്യാജവോട്ടാണെന്ന് സംശയം തോന്നി ചൂണ്ടിക്കാണിച്ചപ്പോളൊക്കെ ഉന്നത ഉദ്യോഗസ്ഥര്‍ അത് അവഗണിച്ചെന്ന് അന്ന് വോട്ട് ചേര്‍ക്കലിന് നിയോഗിക്കപ്പെട്ട പല ബൂത്ത് ലെവല്‍ ഓഫീസര്‍മാരും രഹസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് ചേര്‍ക്കാനാകില്ലെന്ന് നിലപാടെടുത്ത വനിതാ ബിഎല്‍ഒയെ സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ കള്ളവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പങ്കുണ്ടെന്ന് സംശയിച്ചാലും തെറ്റ് പറയാനൊക്കില്ല.
അതോടൊപ്പം വ്യാജവോട്ടുകള്‍ ചേര്‍ക്കപ്പെട്ട ബൂത്തുകളിലെ ബിഎല്‍ഒമാരുടെ രാഷ്ട്രീയം കൂടി അന്വേഷിക്കുന്നുണ്ട് എല്‍ഡിഎഫ്. മിക്കയിടങ്ങളിലും ബിഎല്‍ഒമാര്‍ ബിജെപി അനുകൂല രാഷ്ട്രീയമുള്ളവരാണെന്ന് കണ്ടെത്തിയെന്നാണ് എല്‍ഡിഎഫ് നേതാക്കളുുടെ വാദം. ഇവരെ തിരഞ്ഞെടുത്തതു മുതല്‍ വ്യാജവോട്ടു ചേര്‍ത്തതുവരെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ അറിവോടെയാണെന്ന ആരോപണവും ശക്തമാണ്. ഇതെല്ലാം ശരിയാണെന്ന് തെൡഞ്ഞാല്‍ തൃശ്ശൂരില്‍ നടന്നത് വളരെ വലിയ ഒരു ഗൂഢാലോചന തന്നെയാണെന്ന് വ്യക്തമാകും. ലോകത്തിന് മുന്നില്‍ നമ്മുടെ രാജ്യവും കേരളവുമെല്ലാം ലജ്ജിച്ച് തല താഴ്ത്തേണ്ടി വരും.



