കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗം മൂന്നു മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ രണ്ടുപേര്‍ക്ക്

കോഴിക്കോട്: കേരളത്തില്‍ വീണ്ടും ആശങ്കയേറ്റി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി മൂലം ചികിത്സ തേടിയ രണ്ടുപേര്‍ക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ഓമശേരിയില്‍നിന്നുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ രണ്ടാഴ്ചയിലേറെയായി ചികിത്സയിലാണ്.

പനി ബാധിച്ചാണ് ആശുപത്രിയിലെത്തിയതെങ്കിലും സംശയം മൂലം സ്രവ പരിശോധന നടത്തിയപ്പോഴാണ് മസ്തിഷ്‌ക ജ്വരമുണ്ടെന്നു കണ്ടെത്തിയത്. ഇവരുടെ വീടുകളിലെ കിണര്‍ ജലത്തിന്റേത് അടക്കമുള്ള സാംപിളുകള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് കഴിഞ്ഞ ദിവസമാണ്.

 

Scroll to Top