
ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനായുള്ള അടുത്ത ഘട്ട ചര്‍ച്ചകള്‍ വൈകും. ചര്‍ച്ചയ്ക്കായി ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന അമേരിക്കന്‍ പ്രതിനിധി സംഘത്തിന്റെ യാത്ര മാറ്റിവച്ചേക്കുമെന്നാണ് വിവരം. കരാറിനായുള്ള ചര്‍ച്ചകള്‍ ഇതിനകം അഞ്ച് ഘട്ടം പിന്നിട്ടു കഴിഞ്ഞു. അടുത്തഘട്ടം ഓഗസ്റ്റ് 25 മുതല്‍ 29 വരെ നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈനെതിരായ യുദ്ധത്തെ സഹായിക്കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്കുള്ള തീരുവ 50 ശതമാനമാക്കി യുഎസ് ഉയര്‍ത്തിയിരുന്നു. ഇത് ഓഗസ്റ്റ് 27-നാണ് നിലവില്‍ വരുന്നത്. അതിനുമുന്‍പ് വ്യാപാര കരാറിലെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2025 ഏപ്രില്‍-ജൂലായ് കാലയളവില്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 21.64 ശതമാനം വര്‍ധിച്ച് 33.53 ബില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്. അതേസമയം ഇറക്കുമതി 12.33 ശതമാനം ഉയര്‍ന്ന് 17.41 ബില്യണ്‍ ഡോളറിലെത്തി. ഉഭയകക്ഷി വ്യാപാരം 12.56 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതോടെ ഈ കാലയളവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക മാറി. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നാണ് ഇരുരാജ്യങ്ങളിലും പ്രതീക്ഷിച്ചിരുന്നത്.



