ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഇന്‍ഡ്യാ മുന്നണിയില്‍ നിന്ന് ആര് എന്നത് ഇന്നറിയാം. വിഷയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നിര്‍ണായക യോഗം ചേരും. രാവിലെ 10.15 നാണ് യോഗം ചേരുന്നത്. സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് തീരുമാനം.
ഇക്കാര്യങ്ങള്‍ മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ സംസാരിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. ചൊവ്വാഴ്ചയോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍ നിന്നാകുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ തീരുമാനമായില്ലെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് സമവായ സ്ഥാനാര്‍ത്ഥിയെയാകും ഇന്‍ഡ്യാ മുന്നണി നിര്‍ത്തുകയെന്ന സൂചനകള്‍ നേരത്തേ പുറത്തുവന്നിരുന്നു.
കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി മാര്‍ഗരറ്റ് ആല്‍വേയുടെ പേരായിരുന്നു നിര്‍ദേശിച്ചത്. ഇതോടെ പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് പോലും ലഭിച്ചിരുന്നില്ല. ആംആദ്മി പാര്‍ട്ടി കഴിഞ്ഞ തവണ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. 55 പ്രതിപക്ഷ എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് മാറിനിന്നതോടെ 346 വോട്ട് നേടിയായിരുന്നു ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.



