
മരപ്പട്ടി ശല്യത്തെ തുടർന്ന് കോടതിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച് ചീഫ് ജസ്റ്റിസ്. ഹൈക്കോടതിയുടെ ഒന്നാം നമ്പർ കോടതിയാണ് ചീഫ് ജസ്റ്റിസിന്റേത്. ഇന്നലെ രാത്രി കോടതി മുറിക്കുള്ളിലെ സീലിങ് വഴി ഉള്ളിലെത്തിയ മരപ്പട്ടി കോടതി ഹാളിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് രൂക്ഷമായ ദുർഗന്ധം പരന്നു. അഭിഭാഷകർ ഇരിക്കുന്ന സ്ഥലത്തായിരുന്നു ഇത്.
രാവിലെ അടിയന്തരമായി കേൾക്കേണ്ട കേസുകൾ പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസിന്റ ബെഞ്ച് ഇന്നത്തെ സിറ്റിങ് അവസാനിപ്പിക്കുകയായിരുന്നു. ബാക്കി കേസുകൾ മറ്റു ദിവസങ്ങളിലേക്കു മാറ്റി. കോടതി മുറിയിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാലാണ് ഇന്നത്തേക്ക് സിറ്റിങ് നിർത്തിവച്ചത്.
മരപ്പട്ടി കയറിയ വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ജീവനക്കാർ ഇന്നലെ രാത്രി മൂന്നു കിലോയോളം ഭാരമുള്ള മരപ്പട്ടിയെ പിടികൂടിയിരുന്നു. എന്നാൽ മരപ്പട്ടിയുടെ മൂത്രഗന്ധം മുറിയിൽനിന്ന് വിട്ടുമാറിയിരുന്നില്ല.



