
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നത് ഏതെങ്കിലും ഒരു വ്യക്തിയുമായല്ലെന്നും മറിച്ച് ഇന്ത്യ എന്ന ആശയത്തിന്റെ പുനരാവിഷ്കാരത്തിനു വേണ്ടിയാണെന്നും ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ബി.സുദര്ശന് റെഡ്ഡി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാല്‍ പക്ഷപാതമില്ലാതെയും ഉത്തരവാദിത്തത്തോടെയും ജനങ്ങള്‍ക്കും രാജ്യത്തിനുമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. ഭരണഘടനാ പരമായ മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും പാലിക്കുന്നതാകും തന്റെ സ്ഥാനാര്‍ത്ഥിത്വവും തെരഞ്ഞെടുപ്പുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബി.സുദര്ശന് റെഡ്ഡി നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സി.പി രാധാകൃഷ്ണന് ബുധനാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു.
അഗാധമായ വിനയത്തോടും ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടും കൂടിയാണ് താന്‍ പത്രിക സമര്‍പ്പിച്ചതെന്ന് ബി. സുദര്ശന് റെഡ്ഡി പത്രികാ സമര്‍പണത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ജീവിതം ജനാധിപത്യ പാരമ്പര്യങ്ങളില്‍ വേരൂന്നിയതാണെന്നും ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തി ഓരോ വ്യക്തിയുടെയും അന്തസ്സിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യസഭാ ചെയര്മാന് എന്ന നിലയില്‍, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഉന്നത പാരമ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഉപരാഷ്ട്രപതിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുക്കപ്പെട്ടാല്‍, നീതിക്കും സംഭാഷണത്തിനുമുള്ള ഉറച്ച പ്രതിബദ്ധതയോടെ തന്റെ പങ്ക് നിര്‍വഹിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായും റെഡ്ഡി വ്യക്തമാക്കി.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്നായിരുന്നു. ഈ സാഹചര്യത്തിലാണ് സുദര്ശന് റെഡ്ഡി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി, എഐസിസി ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ പത്രികാ സമര്പണവേളയില് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.



