
ന്യൂഡല്‍ഹി/തിരുവനന്തപുരം: ലൈംഗികാരോപണക്കേസില്‍ ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവച്ചേക്കും. സമൂഹമാധ്യമങ്ങളിലൂടെ വന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ചര്‍ച്ച നടത്തിയിട്ടുണ്ട്. തെറ്റുകാരനെങ്കില്‍ രാഹുലിനെ സംരക്ഷിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണില്‍ ചര്‍ച്ച
നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷമാണ് രാഹുലിനോട് രാജി ചോദിച്ചുവാങ്ങാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് പാര്‍ട്ടിയിലെ വനിതാ നേതാക്കളും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിച്ചു തുടങ്ങിയത്.
തെറ്റുകാരനെങ്കില്‍ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ രാഹുലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ചീത്തപേരുണ്ടാക്കുമെന്നും വിലയിരുത്തലുമുണ്ട്.



