ജമ്മു റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തുമെന്ന സന്ദേശവുമായി പ്രാവ്; ജമ്മു താവിയില്‍ വില്‍ സുരക്ഷ ശക്തമാക്കി., കാലില്‍ കെട്ടിയ നിലയില്‍ ഇംഗ്ലീഷിലും ഉറുദുവിലും സന്ദേശങ്ങള്‍.

ശ്രീനഗര്‍: ജമ്മുവില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തുമെന്ന സന്ദേശവുമായെത്തിയ പ്രാവിനെ സുരക്ഷാസേന പിടികൂടി. ജമ്മുതാവി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന സന്ദേശം കാലില്‍ കെട്ടിയ നിലയിലാണ് പ്രാവിനെ കണ്ടെത്തിയത്. ജമ്മുവിലെ ആര്‍എസ് പുര മേഖലയില്‍ നിന്നാണ് കഴിഞ്ഞ ദിവസം പ്രാവിനെ സുരക്ഷാസേനയായ ബിഎസ്എഫ് പിടികൂടിയത്. സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുതാവി റെയില്‍വേ സ്റ്റേഷനില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി.

പാകിസ്താനില്‍ നിന്നാണ് പ്രാവ് പറന്നെത്തിയതെന്നാണ് സൂചന. ഇംഗ്ലീഷിലും ഉറുദുവിലുമാണ് ഭീഷണി സന്ദേശം എഴുതിയിരുന്നത്. കശ്മീര്‍ തങ്ങളുടേതാണെന്നും സമയം വന്നെത്തിക്കഴിഞ്ഞെന്നുമാണ് ഉറുദുവിലെ സന്ദേശം. റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തുമെന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. പ്രാവിന്റെ കാലില്‍ ഭീഷണി സന്ദേശം എഴുതിത്തൂക്കി പറത്തുന്നത് ആദ്യമായാണെന്ന് സുരക്ഷാസേന പറയുന്നു. മുന്‍പ് പ്രാവിലും ബലൂണിലും പതാകയിലുമെല്ലാം വ്യത്യസ്ത സന്ദേശങ്ങള്‍ എഴുതി അയയ്ക്കുന്ന സംഭവമുണ്ടായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Scroll to Top