
മോസ്‌കോ: റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍ ഈവര്‍ഷം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സ്ഥിരീകരണം. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന കൂടിക്കാഴ്ചകളും ഉണ്ടാകും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ റഷ്യാ സന്ദര്‍ശനത്തിനിടെ ഇരു മന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് ലാവ്‌റോവ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രൈന്‍ സംഘര്‍ഷത്തിന്റെ നിലവിലെ സ്ഥിതിയും ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യന്‍ സന്ദര്‍ശനവേളയില്‍ പുടിനെ ഔദ്യോഗികമായി ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. നിലവിലെ അമേരിക്കയുടെ തീരുവ ഭീഷണിയുടെ കൂടി പശ്ചാത്തലത്തില്‍ പുടിന്റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ മാനമുണ്ട്. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ ചുവട് പിടിച്ചാണ് അമേരിക്ക ഇന്ത്യക്ക് മേല്‍ 50ശതമാനം അധിക തീരുവ ചുമത്തിയത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് വ്‌ളാദിമിര്‍ പുട്ടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2030-ലെ സാമ്പത്തിക മാര്‍ഗരേഖയുടെ വളര്‍ച്ച കൂടി ലക്ഷ്യമിട്ടാണ് പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനം.



