
ബംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നുവെന്ന് ആരോപിച്ച പരാതിക്കാരനായ മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. ചിന്നയ്യ എന്ന ശുചീകരണ തൊഴിലാളിയെയാണ് അറസ്റ്റ് ചെയ്തത്. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നല്‍കിയെന്ന് ആരോപിച്ചാണ് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചിന്നയ്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിന്നയ്യയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അരക്കോടിയോളം രൂപ ചിലവഴിച്ച് നേത്രാവതി നദിക്കരയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ 17 വ്യത്യസ്ത സ്ഥലങ്ങളില്‍ ഖനനം നടത്തി. ഇതില്‍ ആറാം നമ്പര്‍ സ്ഥലത്തുനിന്നും, പതിനൊന്നാം നമ്പര്‍ സ്ഥലത്തിനടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടില്‍നിന്നും മാത്രമാണ് അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായത്. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ഒരു സ്ത്രീയുടേതാണെന്നാണ് അയാള്‍ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍, പിന്നീട് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ടില്‍ ഇത് പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ, കള്ളസാക്ഷി പറഞ്ഞതിന് അന്വേഷണ സംഘം ഇയാള്‍ക്കെതിരെ കേസെടുത്തു. പരാതി നല്‍കിയതുമുതല്‍ ഇദ്ദേഹം വിറ്റ്നസ് പ്രൊട്ടക്ഷന്‍ പ്രോഗ്രാമിലായിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് വെള്ളിയാഴ്ച രാത്രിയോടെ ഈ സംരക്ഷണം പിന്‍വലിച്ചു. ശനിയാഴ്ച അയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട് വെളിപ്പെടുത്തി. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും സുജാത ഭട്ട് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് സുജാതയുടെ വെൡപ്പെടുത്തല്‍. ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസുഖമായതിനാല്‍ ഹാജരാകില്ലെന്ന് സുജാത അറിയിച്ചിട്ടുണ്ട്. സുജാതയുടെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അവരുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1995-2014 കാലഘട്ടത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങള്‍ ഭീഷണിക്കു വഴങ്ങി ധര്‍മസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു മുന്‍ ശുചീകരണ തൊഴിലാളി ധര്‍മസ്ഥല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കാര്യമായ അന്വേഷണം നടക്കാതായതോടെ ഇയാള്‍ കോടതിയില്‍ നേരിട്ട് ഹാജരായി മൊഴിയും തെളിവും നല്‍കി. ഇതേതുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്.



