ഒരു വിരല്‍ കോണ്‍ഗ്രസിനു നേരെ ചൂണ്ടുമ്പോള്‍ നാലുവിരല്‍ സ്വന്തം നെഞ്ചിലേക്കാണ്; സിപിഐഎമ്മിനെ വിമര്‍ശിച്ച് വി.ഡി സതീശന്‍., ആരോപണം ഉന്നയിച്ച സ്ത്രീകളെ സൈബര്‍ അറ്റാക്ക് നടത്തുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ല.

തിരുവനന്തപുരം: ലൈംഗിക ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്ന സിപിഐഎമ്മിനും ബിജെപിക്കും എതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു വിരല്‍ കോണ്‍ഗ്രസിന് നേരെ ചൂണ്ടുമ്പോള്‍ ബാക്കി നാലുവിരലുകള്‍ സ്വന്തം നെഞ്ചിലേക്കാണ് ചൂണ്ടുന്നതെന്ന് മനസിലാക്കണം. സിപിഐഎം നേതാക്കള്‍ കോഴി ഫാം നടത്തുകയാണെന്നും ബിജെപിയുടെ ഒരു മുന്‍ മുഖ്യമന്ത്രി പോക്സോ കേസില്‍ പ്രതിയായിട്ടും ഉന്നതാധികാര സമിതിയിലുണ്ടെന്നും എന്നിട്ടാണ് അവര്‍ സമരം നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആരോപണവിധേയരായ എത്രയോ ആളുകളുണ്ട്. അവരില്‍ എത്ര പേര്‍ രാജിവെച്ചു? സിപിഐഎം എന്തു ചെയ്തു, ബിജെപി എന്തു ചെയ്തു എന്ന് പരിശോധിച്ചല്ല കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത തീരുമാനമാണ് കോണ്‍ഗ്രസ് എടുക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ വിവാദ പരാമര്‍ശത്തെയും പ്രതിപക്ഷ നേതാവ് തള്ളിക്കളഞ്ഞു. ശ്രീകണ്ഠന്റെ പരാമര്‍ശം പൊളിറ്റിക്കലി ഇന്‍കറക്ടാണ്. ഒരു കാരണവശാലും കോണ്‍ഗ്രസ് ഇത്തരം പരാമര്‍ശങ്ങളെ പ്രോത്സാഹിപ്പിക്കില്ല. പരാമര്‍ശത്തിന് പിന്നാലെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നതായും അദ്ദേഹം തിരുത്തിയതായും സതീശന്‍ പറഞ്ഞു.

ആരോപണമുന്നയിക്കുന്ന സ്ത്രീകള്‍ക്കെതിരെ സാമൂഹികമാധ്യമത്തിലൂടെ ആരും ഒരുതരത്തിലുള്ള പ്രചരണവും നടത്തരുത്. അത് കോണ്‍ഗ്രസിന്റെ സംസ്‌കാരം അല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അത്തരം കാര്യങ്ങള്‍ ചെയ്താല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ നിരപരാധിയാണെങ്കില്‍ നിരപരാധിത്വം തെളിയിക്കാനുള്ള അവകാശമുണ്ട്. രാഹുലിന് പറയാനുള്ളത് പാര്‍ട്ടി കേള്‍ക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

Scroll to Top