
വടകര: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചത് പ്രധാനപ്പെട്ട ചുവടെന്ന് ഷാഫി പറമ്പില്‍ എം.പി. ഒരു കോടതിവിധിയോ എഫ്ഐആറോ വരുന്നതിന് മുമ്പ് തന്നെ രാജിസന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടിയുമായി ആലോചിച്ച് രാജി പ്രഖ്യാപിക്കുകയും ചെയ്തത് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കലാണ്. സിപിഐഎമ്മിലായിരുന്നെങ്കില്‍ അവര്‍ ഈ രാജിയെ ധാര്‍മികതയുടെ ക്ലാസെടുത്ത് ആഘോഷിക്കുമായിരുന്നല്ലോ എന്ന് ഷാഫി പറഞ്ഞു. കണ്ടോഎഫ്ഐആര്‍ ഇല്ലാത്ത രാജി, കണ്ടോ പരാതിയില്ലാത്ത രാജി, കണ്ടോ കേസെടുക്കാത്ത രാജി എന്നിങ്ങനെ ധാര്‍മികതയുടെ ക്ലാസെടുക്കുമായിരുന്നില്ലേ എന്ന് ഷാഫി ചോദിച്ചു.
കോടതിവിധിയോ എഫ്ഐആറോ വരുന്നതിന് മുമ്പ് ഇങ്ങനെയൊരു ആരോപണ പരിസരം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുല്‍ രാജിസന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടിയുമായി ആലോചിച്ച് രാജി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് ശേഷവും കോണ്‍ഗ്രസ് എന്ത് ചെയ്തെന്ന് ചോദിക്കുകയാണ്. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണ്. എം.വി. ഗോവിന്ദന്റെ പ്രതികരണമെല്ലാം ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കുകയാണ്. ധാര്‍മികതയാണ് പ്രശ്നമെങ്കില്‍ ആ രാജി പ്രധാനപ്പെട്ട ചുവടുതന്നെയാണ്. പക്ഷേ, കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാം, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിശബ്ദമാക്കാം, സര്‍ക്കാരിന്റെ ചെയ്തികളില്‍നിന്ന് ജനങ്ങളുടെ മുമ്പില്‍ തത്കാലം മറച്ചുപിടിക്കാം എന്ന് വിചാരിച്ചിട്ടാണ് സമരമുള്‍പ്പെടെയുള്ള പ്രതികരണങ്ങളെന്നും ഷാഫി വ്യക്തമാക്കി.
അതേസമയം, താന്‍ ഒളിച്ചോടിയെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും ഷാഫി പറഞ്ഞു. ബിഹാറിലേക്കാണ് താന്‍ പോയത്., അവിടെ നടക്കുന്നത് എന്താണെന്നും എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും താന്‍ ഒളിച്ചോടിയെന്ന് പ്രചരിപ്പിക്കുന്നത് എന്തുതരം മാധ്യമപ്രവര്‍ത്തനമാണ്. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനാണ് താന്‍ പോയതെന്നും ഷാഫി പറഞ്ഞു. ഒരു എംഎല്‍എക്കെതിരേ പോലീസ് കേസെടുത്തിട്ടും ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചിട്ടും ആ എംഎല്‍എ കുറ്റക്കാരനെന്ന് വിധിക്കുന്നതുവരെ ആ സ്ഥാനത്ത് തുടരട്ടെയെന്ന് തീരുമാനിച്ചവര്‍ എങ്ങനെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ രാജി ആവശ്യപ്പെടുന്നതെന്ന് ഷാഫി ചോദിച്ചു.



