
തിരുവനന്തപുരം: കാലത്തിനു മുന്നേ സഞ്ചരിച്ച അനശ്വര കവി വയലാര്‍ രാമവര്‍മയുടെ ഓര്‍മകള്‍ക്കു ഈവര്‍ഷം ഒക്ടോബര്‍ 27ന് അമ്പത് വര്‍ഷമാകും. മരണാനന്തരവും വയലാറിന്റെ സ്വീകാര്യത തെളിഞ്ഞു നില്ക്കുന്ന ഇക്കാലത്ത് വയലാര്‍ സ്മൃതിവര്‍ഷം ഉചിതമായ പരിപാടികളോടെ സംഘടിപ്പിക്കും. 2025 ഒാെക്ടോബര് 27 മുതല്‍ 2026 ഒക്ടോബര്‍ 27 വരെ നീണ്ടുനില്‍ക്കുന്നതാണ് വയലാര്‍ വര്‍ഷം. സാമൂഹ്യപ്രതിബദ്ധത തെളിയിക്കുന്ന വയലാര്‍ കൃതികള്‍ ഈ അമ്പതാം വര്‍ഷത്തിലും കൂടുതല്‍ വ്യക്തതയോടെ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വ്യത്യസ്തമായ പരിപാടികളോടെയാണ് വയലാര്‍ വര്‍ഷം ആഘോഷിക്കുന്നത്.
വായനക്കാര്‍ക്കൊപ്പം ഒന്നിച്ചിരുന്ന് പറഞ്ഞും പാടിയും അനശ്വര കവിയുടെ അമ്പതാം ചരമവാര്‍ഷികം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് വയലാര്‍ ട്രസ്റ്റ് ഭാരവാഹികള്‍. വയലാറിന്റെ വരികളുടെ പ്രസക്തി വിളിച്ചോതുന്ന നാടകം, ചിത്രരചന, കവിതാലാപനം, ഗാനാലാപനം, നൃത്താവിഷ്ക്കാരം, ക്വിസ് എന്നിങ്ങനെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കോളജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍, ബിനാലയില്‍ വയലാര്‍ സെഗ്മെന്റ്, സെമിനാറുകള്‍, സാഹിത്യ സമ്മേളനങ്ങള്‍, ഡോക്യുമെന്ററി, ഡിജിറ്റല്‍ ലൈബ്രറി, സുവനീര്‍, കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ തുടങ്ങി വിപുലമായ പരിപാടികള്‍ ഒരുവര്‍ഷത്തിനകം നടക്കും.
സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും എന്ന് പാടിയ മനുഷ്യ സ്നേഹത്തിന്റെ കവിയുടെ അമ്പതാം ചരമവാര്‍ഷികത്തില്‍ കവിയും കവിതയും എല്ലാ അര്‍ത്ഥത്തിലും ആഘോഷിക്കപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവാണ് വയലാര്‍ വര്‍ഷം ആഘോഷിക്കുന്നതിലേക്ക് എത്തിയതെന്ന് ട്രസ്റ്റ് അംഗങ്ങളായ പ്രഭാവര്‍മ്മ, സി.ഗൗരിദാസന്‍ നായര്‍, സെക്രട്ടറി ബി. സതീശന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



