വ്യാപകമായി പടര്‍ന്ന് അമീബിക് മസ്തിഷ്‌കജ്വരം; ഒരാള്‍ക്ക് കൂടി രോഗം; സംസ്ഥാനത്ത് ചികിത്സയിലുള്ളത് എട്ടുപേര്‍.

കോഴിക്കോട്: സംസ്ഥാനത്താകെ അമീബിക് മസ്തിഷ്‌കജ്വരം പടരുന്നു. കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നു മൂന്നു പേര്‍ വീതവും വയനാട് ജില്ലയില്‍നിന്നു രണ്ടു പേരുമാണ് ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, രോഗത്തിന്റെ ഉറവിടം കൃത്യമായി മനസ്സിലാക്കാന്‍ ഇതുവരെ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. കെട്ടിക്കിടക്കുന്ന കുളത്തിലോ പുഴയിലോ കുളിച്ചാലാണ് രോഗം വരാനുള്ള സാധ്യതയുള്ളതെന്നാണ് നിഗമനം. എന്നാല്‍ ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ കിണറിലെ വെള്ളത്തില്‍ മാത്രമാണ് കുളിപ്പിച്ചതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ചികിത്സയിലുള്ളവരില്‍ ചിലര്‍ കുളത്തിലോ പുഴയിലോ കുളിച്ചിട്ടുമില്ല. ഇതോടെ ഉറവിടത്തിന്റെ കാര്യത്തില്‍ കൃത്യമായ ഒരു ഉത്തരം പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

 

Scroll to Top