
പത്തനംതിട്ട: ലൈംഗികാരോപണങ്ങളില്‍ രാജി സമ്മര്‍ദ്ദം ശക്തമായതോടെ ചില സൂചനകള്‍ നല്കി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടി എടുക്കുന്ന തീരുമാനത്തിന് ഒപ്പമുണ്ടാകുമെന്ന സൂചന നല്‍കുന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘വോട്ടര്‍ അധികാര്‍ യാത്ര’യില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവച്ചുള്ള മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകളാണ് ചില സൂചനകൡലേക്ക് വിരല്‍ ചൂണ്ടുന്നത്.
സംഘടിതമായി ആക്രമിച്ചിട്ടും കുറ്റപ്പെടുത്തിയിട്ടും സ്തുതിപാഠകര്‍ വിമര്‍ശകരായിട്ടും പരിഭവങ്ങള്‍ ഇല്ലാതെ രാഹുല്‍ ഗാന്ധി പോരാടുന്നു’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന് പ്രസ്ഥാനമാണ് വലുതെന്നും പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണെന്നും പോസ്റ്റിലുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ അവന്തികയുടെ ആരോപണങ്ങള്‍ തള്ളിയ ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്;
”പരിഹസിച്ചു,
കുറ്റപ്പെടുത്തി,
സംഘടിതമായി അയാളെ ആക്രമിച്ചു,
വീഴ്ത്താന്‍ ശ്രമിച്ചു,
സ്തുതിപാടിയവര്‍ വിമര്‍ശകരായി,
കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു
കാരണം അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്…
പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്…
രാഹുല്‍ ഗാന്ധി”
രാഹുലിനെതിരെ ആരോപണം ഉയര്‍ന്ന അന്നുമുതല്‍ പാര്‍ട്ടി നേതൃത്വം കടുത്ത പ്രതിരോധത്തിലായിരുന്നു. രാഹുലിനെതിരെ ശക്തമായ വികാരം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നു. വി.എം സുധീരന്, രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ഉമ തോമസ് എം.എല്‍.എ, ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ അടക്കമുള്ള വനിതാ നേതാക്കളും രാജി വെക്കണമെന്ന് ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി. പരാതിയില്ലെന്ന സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങേണ്ടതില്ലെന്നും പാര്‍ട്ടിയില്‍ വികാരമുണ്ട്. കടിച്ചു തൂങ്ങുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും നേതാക്കള്‍ ഒറ്റക്കെട്ടായി പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.



