
തൃശ്ശൂര്‍: തൃശ്ശൂരിലെ ലുലുമാള്‍ നിര്‍മാണം പ്രതിസന്ധിയിലാക്കിയത് രാഷ്ട്രീയ ഇടപെടലെന്ന വെളിപ്പെടുത്തലുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. മാളിന്റെ നിര്‍മാണം വൈകുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലാണെന്ന് യൂസഫലി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ വ്യക്തി നല്‍കിയ അനാവശ്യമായ കേസ് കാരണമാണ് രണ്ടര വര്‍ഷം മുമ്പ് ആരംഭിക്കേണ്ടിയിരുന്ന പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാകാതെ പ്രതിസന്ധിയിലായതെന്നും ചിയ്യാരത്ത് തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന്‍ (ടി.എം.എ) ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
മൂവായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമായിരുന്ന ബൃഹത്തായ പദ്ധതിയാണ് ഇതോടെ പ്രതിസന്ധിയിലായത്. മാളിനായി സ്ഥലം ഏറ്റെടുത്ത് നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലെത്തിയപ്പോഴാണ് കേസ് വന്നത്. രണ്ടര വര്‍ഷമായി കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. രാജ്യത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ പലതരം പ്രതിസന്ധികള്‍ നേരിടേണ്ടി വരും. നിയമപരമായ തടസ്സങ്ങള്‍ നീങ്ങുന്ന മുറയ്ക്ക് തൃശൂരിലെ മാള്‍ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ അറിയപ്പെടുന്ന ഒട്ടുമിക്ക വ്യവസായികളും തൃശൂരിന്റെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.



