യെമന്‍ തലസ്ഥാനം ആക്രമിച്ച് ഇസ്രായേല്‍; ഹൂതി വിമതരെ ലക്ഷ്യമിട്ട് വ്യാപക മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ അശാന്തി പുകയുന്നു.

ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ത്തി യെമനു നേര്‍ക്ക് ഇസ്രായേലിന്റെ വ്യാപക മിസൈല്‍ ആക്രമണം. യെമന്‍ തലസ്ഥാനമായ സനയിലാണ് ഞായറാഴ്ച ഇസ്രയേല്‍ സൈന്യം വ്യാപക മിസൈല്‍ ആക്രമണം നടത്തിയത്. ഹൂതി വിമതരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സനയിലെ ഇന്ധന കേന്ദ്രങ്ങള്‍ക്കും ഇസ്രയേല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ പറ്റി. ഇസ്രയേലിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രത്യാക്രമണം ഉണ്ടായത്.

തലസ്ഥാനമായ സനായിലെ പവര്‍ പ്ലാന്റ്, ഗ്യാസ് സ്റ്റേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളിലാണ് ആക്രമണങ്ങള്‍ ഉണ്ടായതെന്ന് ഹൂതി മാധ്യമ വിഭാഗം അറിയിച്ചു. പ്രസിഡണ്ടിന്റെ കൊട്ടാരത്തിന് സമീപത്തടക്കം വലിയ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം, മിസൈല്‍ ആക്രമണം ഇസ്രയേല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ കഴിഞ്ഞ 2 വര്‍ഷത്തോളമായി ഇസ്രയേലിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നുണ്ട്. ചെങ്കടലില്‍ ഇസ്രയേല്‍ കപ്പലുകളെയും ഹൂതികള്‍ മുന്‍പ് ലക്ഷ്യം വച്ചിരുന്നു. ഗാസ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇസ്രയേലിനെതിരെ ഹൂതികള്‍ ആക്രമണം ആരംഭിച്ചത്.

 

Scroll to Top