
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി സര്‍ക്കാര്‍,. ഈവര്‍ഷം ഇതുവരെ മാത്രം 41 അമീബിക് മസ്തിഷ്കജ്വര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി 18 ആക്ടീവ് കേസുകളുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ രോഗവ്യാപനം തടയാന്‍ ജനകീയ ക്യാംപയിന് നടത്താന്‍ തീരുമാനിച്ചു. ഈമാസം 30, 31 തിയ്യതികളിലായി രണ്ടുദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യണമെന്നും ജലസംഭരണ ടാങ്കുകള്‍ തേച്ചു കഴുകി വൃത്തിയാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്കി.
വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തെയും ജല ടാങ്കുകള്‍ വൃത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്, ജലവിഭവ വകുപ്പ് എന്നിവയുടെസഹകരണത്തോടെ ആരോഗ്യ വകുപ്പ് നടത്തുന്ന ജനകീയ ക്യാംപെയ്നില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കും. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യണമെന്നും ക്ലോറിന്‍ അളവു പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഇത് പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കും.
കുടിവെള്ള സ്രോതസ്സുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യ വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തണം. കുളങ്ങളിലും തടാകങ്ങളിലും മറ്റും അടിഞ്ഞ പായലും മാലിന്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കണം. വെള്ളത്തിലിറങ്ങുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. ഓണാവധിക്ക് ശേഷം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കും. അമീബയുടെ സാന്നിധ്യം കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ നിര്‍ദേശ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.



