
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിഷയത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് എല്ലാക്കാലത്തും സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ്. അത് പാര്‍ട്ടി അജണ്ടയുമാണ്. രാഹുലിന്റെ കേസില്‍ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കുകയാണ് ചെയ്തത്. അല്ലാതെ സിപിഐഎമ്മിനെ പോലെ തീവ്രത അളക്കാന്‍ കമ്മിഷനെ വയ്ക്കുകയല്ല ചെയ്തതെന്നും സിപിഐഎം എല്ലാക്കാലത്തും സ്ത്രീപീഡകര്‍ക്കു കൂടാരം ഒരുക്കുന്ന പാര്‍ട്ടിയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
രാഹുല്‍ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരും. രാഹുല്‍ മാങ്കുട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നു. സിപിഐഎമ്മിനുള്ളിലും ഭരണരംഗത്തുമുള്ള സ്ത്രീപീഡകരെ ഏതു വിധത്തിലും സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎം എന്നും എടുത്തിട്ടുള്ളത്. പീഡനത്തിന്റെ തീവ്രത വരെ അളന്ന് ആരോപണവിധേയരെ കുറ്റവിമുക്തരാക്കിയ പരിഹാസ്യമായ പാരമ്പര്യമാണ് സിപിഎമ്മിന്നെും എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസിന് വിട്ടുവീഴ്ചയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നത്തെ നിലയില്‍ കോണ്‍ഗ്രസിന് എടുക്കാന്‍ കഴിയുന്ന ഏറ്റവും മാതൃകാപരമായ തീരുമാനമാണ് മാങ്കൂട്ടത്തിലിനെതിരെ എടുത്തത്. അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വന്തം അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ ഉമാ തോമസ് എംഎല്‍എ അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ സിപിഐഎം ശൈലിയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



