അതിനി ചുരുളഴിയാത്ത രഹസ്യം., നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് സ്വകാര്യരേഖ., പുറത്തുവിടാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, അതിനി കല്‍പാന്ത കാലത്തോളം ചുരുളഴിയാത്ത ഒരു രഹസ്യമായി തുടരും. ഒരു മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്നുണ്ട്, ആ രഹസ്യം എന്നോടൊപ്പം മണ്ണിലലിയുമെന്ന്. അതുപോലെയാകും ഇനി മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും. അതിനി ഡല്‍ഹി സര്‍വകലാശാലയ്‌ക്കൊപ്പം മണ്ണോട് ചേരും. ഇക്കാര്യത്തില്‍ വിവരാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. മോദി ബിരുദപഠനം നടത്തിയെന്ന് പറയപ്പെടുന്ന 1978ലെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പുറത്ത് വിടേണ്ടതില്ല എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. അറിയാനുള്ള അവകാശത്തേക്കാള്‍ വലുതാണ് സ്വകാര്യതയ്ക്കുള്ള അവകാശമെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നത്. എന്നാലും ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഇത്ര വലിയ സ്വകാര്യതാ ലംഘനമാകുമോ എന്നാണ് പൊതുവില്‍ ഉയരുന്ന സംശയം.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ വിദ്യാഭ്യാസ യോഗ്യതയില്‍ നിന്നാണ് ഇക്കാണായ വിവാദങ്ങളുടെയൊക്കെ തുടക്കം. നരേന്ദ്രമോദി 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തില്‍ ഉള്ളത്. അങ്ങനെയാണ് ആക്ടിവിസ്റ്റായ നീരജ് കുമാര്‍ അന്നത്തെ ബിരുദ വിദ്യാര്‍ത്ഥികളുടെ വിശദ വിവരങ്ങള്‍ അടക്കം ആവശ്യപ്പെട്ട് ഏതാണ്ട് ഒരു പതിറ്റാണ്ട് മുന്‍പ് ഡല്‍ഹി സര്‍വകലാശാലയെ സമീപിച്ചത്. 1978ല്‍ ബിരുദ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്, വിജയശതമാനം, പേര്, റോള്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, സര്‍വകലാശാല നീരജിന്റെ അപേക്ഷ നിഷ്‌കരുണം തള്ളി. അപേക്ഷയില്‍ പൊതുജനതാല്‍പര്യം ഇല്ല എന്നായിരുന്നു കണ്ടെത്തിയ ഒരു വാദം. മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കിടുന്നതിനെതിരായ നിയമങ്ങള്‍ ഉദ്ധരിച്ചാണ് നിഷേധിച്ചത്.

പിന്നാലെ നീരജ് കുമാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു. 2016 ഡിസംബര്‍ 21ന് നരേന്ദ്രമോദിയുടെ ബിരുദ വിവരങ്ങള്‍ പരസ്യമാക്കണമെന്നും അപേക്ഷകന് നല്‍കണമെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാല ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് പത്ത് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടം. കടുത്ത വാദപ്രതിവാദങ്ങള്‍. ഒടുവില്‍ ആ ബിരുദ വിവരങ്ങള്‍ ഒരു ചുരുളഴിക്കാന്‍ പാടില്ലാത്ത രഹസ്യമെന്ന് ഹൈക്കോടതിയും വിധിച്ചിരിക്കുന്നു. അന്നത്തെ അക്കാദമിക് റെക്കോര്‍ഡുകളോ ഡിഗ്രിയോ പരസ്യമാക്കേണ്ടതില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ ഉത്തരവ്. ഹര്‍ജിക്കാര്‍ക്ക് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിവരാവകാശ പ്രകാരം വ്യക്തികളുടെ വ്യക്തിഗതവിവരങ്ങളടങ്ങുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്ന സര്‍വകലാശാലയുടെ വാദം കോടതിയും ശരിവെക്കുകയായിരുന്നു. നരേന്ദ്ര മോദി തങ്ങളുടെ പൂര്‍വ വിദ്യാര്‍ത്ഥിയാണെങ്കിലും നിലവില്‍ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അതുകൊണ്ടുതന്നെ ബിരുദ സര്‍ട്ടിഫിക്കറ്റ് പൊതുജനങ്ങള്‍ക്ക് നല്‍കാനാവില്ല. രാഷ്ട്രീയ ലക്ഷ്യം മാത്രം പ്രതീക്ഷിക്കുന്നവരുടെ മുന്‍പില്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാനാവില്ല. പ്രത്യേകിച്ച് അപരിചിതര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനാവില്ല എന്നൊക്കെയായിരുന്നു സര്‍വകലാശാലയുട വാദം. പ്രധാനമന്ത്രിക്കും സ്വകാര്യതയുണ്ട്. സര്‍വകലാശാലയുടെ കൈവശം മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. വേണമെങ്കില്‍ അത് കോടതിയില്‍ ഹാജരാക്കാം. എന്നാല്‍ അപരിചിതര്‍ക്ക് ഈ രേഖകള്‍ പരിശോധിക്കാന്‍ അനുവാദമില്ല എന്നൊക്കെ നീളുന്നു വാദമുഖങ്ങള്‍.

ഒരു പൊതു വ്യക്തിയുടെ, പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സുതാര്യമായിരിക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് വിവരാവകാശ കമ്മീഷന്‍ വാദിച്ചത്. ഈ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ ഒരു പൊതു രേഖയായി കണക്കാക്കുമെന്നും സിഐസി 2016 ഡിസംബറില്‍ നീരജ് കുമാറിന് വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍, പൂര്‍വ വിദ്യാര്‍ഥിയുടെ ബിരുദവിവരങ്ങള്‍ കൈമാറണമെന്നാണ് ആവശ്യം. ആ പൂര്‍വ വിദ്യാര്‍ഥി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഞങ്ങള്‍ക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. എന്നാല്‍, സര്‍വകലാശാല രേഖകള്‍ അപരിചിതര്‍ക്ക് കൈമാറണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല എന്നാണ് സര്‍വകലാശാല വാദിച്ചത്.

അങ്ങനെ ഹൈക്കോടതി കൂടി ആ രഹസ്യം ചുരുളഴിക്കരുതെന്ന് വിധിച്ചതോടെ ഉത്തരം കിട്ടാത്ത ആ സമസ്യ അങ്ങനെ തന്നേ അവശേഷിക്കുകയാണ്. എന്നാലും ഒരു ബിരുദ സര്‍ട്ടിഫിക്കറ്റ് ഇത്രവലിയ സ്വകാര്യതാ ലംഘനങ്ങളുള്ള രേഖയാകുന്നത് എങ്ങെനെയെന്നതാണ് ഇനി ശേഷിക്കുന്ന ഉത്തരംകിട്ടാത്ത ചോദ്യം. ഒരുപക്ഷേ നവുഗ ഇന്ത്യയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പുറത്തുവിടുന്നതും സ്വകാര്യതാലംഘനം ആയിരിക്കും. എന്തായാലും പത്ത് വര്‍ഷത്തോളമായി ഇന്ത്യയെ ചൂഴ്ന്നു നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്ന സമസ്യയും അതിനെ ചുറ്റിപ്പറ്റി നിന്ന വിവാദങ്ങളും തത്കാലത്തേക്കെങ്കിലും അവസാനിക്കുകയാണ്, ഇനി അതിനെ കുറിച്ച് ചുപ്പ് രഹോ എന്നാണ് കോടതി ഉത്തരവ്. സുപ്രീംകോടതിയില്‍ പൊക്കോളൂ എന്ന് പറഞ്ഞത് കൊണ്ട് ഹര്‍ജിക്കാര്‍ക്ക് മുന്നില്‍ അങ്ങനെ ഒരു വാതില്‍ തുറക്കുന്നുണ്ട്.

Scroll to Top