
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് കോണ്‍ഗ്രസിന്റെ ശക്തമായ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഐഎം അടക്കമുള്ള പാര്‍ട്ടികള്‍ക്ക് എടുക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ആര്‍ജവമുള്ള നിലപാടാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എടുത്തിരിക്കന്നത്. സിപിഐഎം അടക്കമുള്ളവരില്‍ പീഡനക്കേസ് പ്രതികള്‍ അടക്കം രാജിവയ്്ക്കാത ഇരിക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ നീക്കിക്കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി കാര്‍ശ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും തീരുമാനം എടുക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണെന്നും സതീശന്‍ പറഞ്ഞു. സി.പി.എമ്മിനെയും ബി.ജെ.പിയെയും പോലെ പാര്‍ട്ടിയുടെ മുന്‍നിരയില്‍ നില്‍ക്കുന്നയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും സതീശന്‍ വ്യക്തമാക്കി.
കോംപ്രമൈസ് ചെയ്തു എന്നാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. റേപ്പ് കേസ് പ്രതി കൈപൊക്കി മന്ത്രിയായ എം.ബി രാജേഷിന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതില്‍ സ്വയം ഒരു ഉളുപ്പ് വേണ്ടേ എന്നും സതീശന്‍ ചോദിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയതു പോലെ ഇതുവരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. എന്നിട്ടും 24 മണിക്കൂറിനകം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെപ്പിച്ചു. ഉയര്‍ന്നുവന്ന ആരോപണം പരിശോധിച്ച് നേതാക്കളുമായി ആശയവിനിമയം നടത്തിയാണ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഇതുപോലൊരു തീരുമാനം ഇതിന് മുന്‍പ് കേരളത്തില്‍ എടുത്തിട്ടുണ്ടോ എന്നദ്ദേഹം ചോദിച്ചു.
സ്ത്രീകളോടുള്ള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ബഹുമാനവും ആദരവുമാണ് ഈ തീരുമാനം. സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. വേറെ ഒരു പാര്‍ട്ടിയെയും പോലെയല്ല കോണ്‍ഗ്രസ് ഇക്കാര്യത്തിലെന്ന് മാധ്യമങ്ങളെക്കൊണ്ട് പറയിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് ഇപ്പോള്‍ നടപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു പാര്‍ട്ടികളെ പോലെയല്ല ഞങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ആള്‍ക്കെതിരെയാണ് നടപടിയെടുത്തത്. പാര്‍ട്ടിയുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളെ രക്ഷപ്പെടുത്താന്‍ ഒരു ശ്രമമവും നടത്താത്ത തീരുമാനം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തുക തന്നെ ചെയ്യും.
എല്ലാവരുമായും ആലോചിച്ചാണ് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണം കേരളത്തില്‍ തുടങ്ങിവച്ചത് സി.പി.എമ്മാണ്. ഒരു സ്ത്രീ പോലും സൈബര്‍ ഇടത്തില്‍ ആക്രമിക്കപ്പെടരുത് എന്നതാണ് കോണ്‍ഗ്രസ് നിലപാട്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് ഒരു തരം മനോരാഗമാണ്. എത്ര വനിതാ മാധ്യമപ്രവര്‍ത്തകരെയാണ് സി.പി.എം സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചത്. അന്നൊന്നും ഒരു ചോദ്യവും ഉണ്ടായില്ല. സൈബര്‍ ഇടങ്ങളിലെ ആക്രമണം അവസാനിപ്പിക്കണം. നല്ല നിലപാടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിഷയം പരിശോധിച്ച് രാഷ്ട്രീയ പ്രസ്ഥാനത്തിന് എടുക്കാന്‍ പറ്റിയ ഏറ്റവും വലിയ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എടുക്കാത്ത ധീരതയോടെയുള്ള തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തത്. റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിനെയും മാധ്യമങ്ങള്‍ അഭിനന്ദിക്കണമെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.



