വൈകല്യമുള്ളവരെ കളിയാക്കിയാല്‍ യൂട്യൂബര്‍മാര്‍ക്കെതിരെ പിഴ ചുമത്താം; സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്; കേസില്‍ കേന്ദ്രസര്‍ക്കാരിനും നിര്‍ദേശങ്ങള്‍.

ന്യൂഡല്‍ഹി: വൈകല്യമുള്ള ആളുകളെ കളിയാക്കുന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും യുട്യൂബര്‍മാര്‍ക്കും പിഴ ചുമത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശം. ഇത്തരം പരാമര്‍ശം നടത്തിയ യുട്യൂബര്‍മാരും ഇന്‍ഫ്‌ലുവന്‍സര്‍മാരും എത്രയും പെട്ടെന്ന് ഖേദപ്രകടനം നടത്തണം. അല്ലെങ്കില്‍ പിഴശിക്ഷ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. യുട്യൂബര്‍ രണ്‍വീര്‍ അല്‍ബാദിയക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി പരാമര്‍ശം.

വൈകല്യമുള്ള ആളുകളുടെ അവകാശങ്ങളെ സംബന്ധിച്ച് ബോധവത്കരണം നടത്താന്‍ എന്ത് ചെയ്തുവെന്ന് വിശദീകരിക്കാന്‍ രണ്‍വീര്‍ ഉള്‍പ്പടെയുള്ള ഇന്‍ഫ്‌ലുവന്‍സര്‍മാരോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ പ്രതികരണം നടത്തുമ്പോള്‍ ഉത്തരവാദിത്തതോട് കൂടി മാത്രമേ അത് ചെയ്യാവു. സമൂഹത്തിലെ ചില വിഭാഗങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നില്ലെന്ന് പ്രതികരണം നടത്തുമ്പോള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ കേന്ദ്രസര്‍ക്കാറിനും ചില നിര്‍ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ഭാഷ സംബന്ധിച്ച് വാര്‍ത്താവിനിമ മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതില്‍ സമൂഹത്തിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഒരു സംഭവം മാത്രം മുന്‍നിര്‍ത്തിയല്ല ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കേണ്ടത്. സമൂഹത്തിന്റെ വിശാലമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വേണം ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം കൊണ്ടു വരേണ്ടതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രമുഖ യൂട്യൂബ് ഷോ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’ലെ രണ്‍വീറിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു കേസ്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം.

Scroll to Top