കണ്ണൂരിലെ വീട്ടില്‍ നിന്ന് സ്വര്‍ണവുമായി കടന്നു കളഞ്ഞ മരുമകള്‍ ക്രൂരമായി കൊല്ലപ്പെട്ടു; വായില്‍ ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു., മുഖം ഇടിച്ചു വികൃതമാക്കി., ആണ്‍സുഹൃത്ത് പിടിയില്‍.

കണ്ണൂര്‍: കണ്ണൂര്‍ കല്യാട്ടെ വീട്ടില്‍നിന്നു സ്വര്‍ണവുമായി കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ (22) കര്‍ണാടകയില്‍ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദര്‍ഷിതയെ അതിക്രൂരമായാണ് ആണ്‍സുഹൃത്തായ സിദ്ധരാജു (22) കൊലപ്പെടുത്തിയത്. ലോഡ്ജില്‍ വച്ച് ദര്‍ഷിതയും സിദ്ധരാജുവും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് സിദ്ധരാജു, ദര്‍ഷിതയുടെ വായില്‍ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിക്കുകയായിരുന്നു. ദര്‍ഷിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ സിദ്ധരാജു ഇവരുടെ മുഖം ഇടിച്ച് വികൃതമാക്കുകയും ചെയ്തു.

ഇന്നലെയാണ് ദര്‍ഷിതയെ കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി സിദ്ധരാജുവിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ദര്‍ഷിത. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ച്ച പോയത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും, ഇളയ മകന്‍ സൂരജ് ജോലിക്കും, മരുമകള്‍ ദര്‍ഷിത കുട്ടിക്കൊപ്പം കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം. ദര്‍ഷിത തന്നെയാകാം സ്വര്‍ണം കവര്‍ന്നതെന്നായിരുന്നു പൊലീസിന്റെ നിഗമനം.

കുട്ടിയെ കര്‍ണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദര്‍ഷിത ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജിലേക്ക് പോയത്. മോഷണക്കേസില്‍ അന്വേഷണം ആരംഭിച്ച പൊലീസിന് വീട്ടിലേക്ക് പുറത്തുനിന്നാരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കര്‍ണാടകയിലേക്ക് പോയ ദര്‍ഷിതയെ പൊലീസ് പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. ഇതോടെയാണ് ദര്‍ഷിതയുടെമേല്‍ സംശയം ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് ദര്‍ഷിത കൊല്ലപ്പെട്ട വിവരം കര്‍ണാടക പൊലീസ് ഇരിട്ടി പൊലീസിനെ അറിയിച്ചത്.

Scroll to Top