ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു., കേസ് പൊതുപ്രവര്‍ത്തകനായ എ എച്ച് ഹഫീസിന്റെ പരാതിയില്‍., കേസെടുത്തത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍.

 

തിരുവനന്തപുരം: യുവനടി ഉള്‍പടെയുള്ളവര്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു. പൊതുപ്രവര്‍ത്തകനായ എ എച്ച് ഹഫീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കിയതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുക.

നാലുമാസം വളര്‍ച്ചയെത്തിയ ശിശുവിനെ ഭ്രൂണഹത്യ നടത്താന്‍ ഭീഷണിപ്പെടുത്തി, അനുനയം വിജയിക്കാതെ വന്നപ്പോള്‍ ചവിട്ടിക്കൊല്ലാന്‍ അധിക സമയം വേണ്ടെന്ന് പറഞ്ഞു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എ.എച്ച് ഹഫീസ് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകള്‍, യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം തെളിവായി സ്വീകരിച്ചാണ് അന്വേഷണം നടക്കുക.

പരാതികള്‍ ഉയര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചന മുഖ്യമന്ത്രിയും ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയിരുന്നു. ഇപ്പോള്‍ രാഹുലിനെതിരെ പൊലീസിന് ലഭിച്ച പരാതി അതിക്രമം നേരിട്ടവര്‍ നേരിട്ട് നല്‍കിയതല്ലെന്നും മൂന്നാമതൊരാള്‍ നല്‍കിയതാണെന്നുമുള്ള കാര്യവും പൊലീസിന് വെല്ലുവിളിയാകുമോ എന്ന ആശങ്കയുണ്ട്. ഇതു സംബന്ധിച്ച് ലഭിച്ച നിയമോപദേശങ്ങളെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ആലോചിച്ചതിനു ശേഷമാണ് നിയമനടപടിയിലേക്കു കടക്കാമെന്ന തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ആരോപണം ഉന്നയിച്ച സ്ത്രീകളില്‍നിന്നു നേരിട്ടു പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചിരുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് രാഹുലിന് എതിരെ ആരോപണം ഉയര്‍ന്നിരുന്നത്. ബാലാവകാശ കമ്മിഷനിലും വനിതാ കമ്മിഷനിലും രാഹുലിന് എതിരെ പരാതികള്‍ ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലും പലരും പരാതി നല്‍കിയിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതിനു പുറമേ ആരോപണം ഉന്നയിച്ച സ്ത്രീയെ കൊല്ലാന്‍ വേണ്ട സമയത്തെക്കുറിച്ചു രാഹുല്‍ പറഞ്ഞത് ക്രിമിനല്‍ മനോഭാവത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

Scroll to Top