ലൈംഗിക പീഡന പരാതിയില്‍ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി; സി.കൃഷ്ണകുമാറിനെതിരെ കേസെടുക്കണമെന്ന് സന്ദീപ് വാര്യര്‍. ക്രിമിനല്‍ കുറ്റം ചുമത്തണം., ലൈംഗിക പീഡന കേസില്‍ കൃഷ്ണകുമാര്‍ കുറ്റവിമുക്തനായിട്ടില്ല.

കാസര്‍ഗോഡ്: തനിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കൃഷ്ണകുമാറിനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. യുവതി തന്റെ എല്ലാ സ്വകാര്യതയും നിലനിര്‍ത്താനാണ് ഇമെയില്‍ മുഖേന ബിജെപി സംസ്ഥാന അധ്യക്ഷന് പരാതി നല്‍കിയത്. എന്നാല്‍ ആരോപണ വിധേയനായ സി. കൃഷ്ണകുമാര്‍ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നും ഇത് നിയമ ലംഘനമാണെന്നും സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാളെ ഒരു സ്ത്രീയും തനിക്കെതിരെ പരാതി പറയാന്‍ വരരുത് എന്ന ഉദ്ദേശത്തോടെയാണ് കൃഷ്ണകുമാര്‍ യുവതിയുടെ വിവരം പരസ്യമായി വെളിപ്പെടുത്തിയത്. അതിജീവിതയുടെ വിശദാംശം പുറത്തുവിട്ട കൃഷ്ണകുമാറിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. അന്ന് കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാറിന്റെ ജീവിതം തകര്‍ക്കരുതെന്ന് പിതാവ് പറഞ്ഞത് കൊണ്ടാണ് ആദ്യം കേസ് ഒതുങ്ങി പോയത്. എന്നാല്‍ സിവില്‍ കേസ് ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. ലൈംഗിക പീഡനക്കേസിലും കൃഷ്ണകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കേസില്‍ കൃഷ്ണകുമാറിനെതിരെ 2025 ഏപ്രില്‍ മാസത്തില്‍ അന്വേഷണത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടിരുന്നു. പാലക്കാട് എസ് പി ഓഫീസില്‍ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ടെന്നും അത് മറച്ചുവെച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പുറത്ത് നിന്ന് വന്ന പരാതികളല്ല ഇതെന്നും കുടുംബത്തിന്റെ ഉള്ളില്‍ നിന്ന് വന്ന പരാതിയാണെന്നും സന്ദീപ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ കയ്യിലിരിപ്പിന്റെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ ഒരു പരാതി ഉണ്ടായതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

എന്നാല്‍ തനിക്കെതിരായ പരാതി തള്ളി രംഗത്ത് വന്ന സി കൃഷ്ണകുമാര്‍, കോടതി തള്ളിയ പരാതിയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും സന്ദീപ് വാര്യരാണ് വീണ്ടും പരാതി ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും പറഞ്ഞിരുന്നു. 2015 ലും 2020 ലും ഇതേ പരാതി തനിക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നും സി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ പരാതികള്‍ നല്‍കിയവര്‍ക്കെതിരെയും വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

Scroll to Top