ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ ഓണം ആഘോഷിക്കരുതെന്ന് രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം; അധ്യാപികയ്‌ക്കെതിരെ കേസ്., രണ്ട് അധ്യാപികമാരെ സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തു.

തൃശ്ശൂര്‍: ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഓണാഘോഷത്തില്‍ പങ്കെടുക്കരുതെന്ന് രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃശൂര്‍ കടവല്ലൂര്‍ കല്ലുംപുറം സിറാജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കേസെടുത്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ രണ്ട് അധ്യാപികമാരെ സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപികമാര്‍ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും സ്‌കൂളിന്റെ നിലപാടല്ല എന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്‌കൂളില്‍ ഓണാഘോഷം നാളെ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ഓണം ഹിന്ദുക്കളുടെ ആഘോഷമാണെന്നും മക്കളോ നമ്മളോ അത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നുമായിരുന്നു അധ്യാപികമാര്‍ രക്ഷിതാക്കള്‍ക്ക് വാടസ്ആപിലൂടെ ശബ്ദ സന്ദേശം നല്‍കിയത്. ഇത് പുറത്തുവന്നതോടെ ഡി.വൈ.എഫ്.ഐ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളം പൊലീസ് കേസെടുത്തു. ഇതിനുപിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി. ഓണാഘോഷ പരിപാടികളില്‍ മുസ്ലിം കുട്ടികള്‍ പങ്കെടുക്കുന്നത് മതവിരുദ്ധമാണെന്ന് ഓഡിയോ ശബ്ദത്തില്‍ പറഞ്ഞതായി പരാതിയിലുണ്ട്. ഇത് സാമുദായിക സ്പര്‍ധ വളര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെയാണെന്നാണ് പരാതി.

Scroll to Top