അമേരിക്കയുടെ തീരുവ ഭൂതത്തെ തിരിച്ചടിക്കാന്‍ ഇന്ത്യ; 40 രാജ്യങ്ങളിലേക്ക് കൂടി ടെക്‌സ്റ്റൈല്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ നീക്കം; പട്ടികയില്‍ യു.കെയും ജപ്പാനും കൊറിയയും.

ന്യൂഡല്‍ഹി: അമേരിക്ക ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ തീരുവ വര്‍ധനവിനെ നേരിടാന്‍ ശക്തമായ നടപടികളുമായി ഇന്ത്യ. ഇന്ത്യയുടെ കയറ്റുമതി 40 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ കയറ്റുമതി വര്‍ധിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. യു.കെ, ജപ്പാന്‍, സൗത്ത് കൊറിയ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, മെക്‌സിക്കോ, റഷ്യ, ബെല്‍ജിയം, തുര്‍ക്കി, യുഎഇ, ആസ്‌ത്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളും ഇന്ത്യയുടെ പരിഗണനാ പട്ടികയിലുണ്ട്. അമേരിക്കയുടെ 50 ശതമാനം തീരുവ വര്‍ധനവ് പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണിത്.

ഗുണമേന്മയും പുതുമയുള്ളതുമായ ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങളിലൂടെ ഈ രാജ്യങ്ങളിലെ വിപണിയില്‍ വ്യക്തമായ സ്ഥാനം ഉറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നിിലവില്‍ ഇന്ത്യ 220 രാജ്യങ്ങളിലേക്ക് വസ്ത്രങ്ങള്‍ കയറ്റി അയയ്ക്കുന്നുണ്ട്,. പക്ഷേ 40 ഇറക്കുമതി രാഷ്ട്രങ്ങളാണ് ഈ വ്യാപാരത്തിലെ പ്രധാന താക്കോല്‍. നിലവില്‍ ഇവരുടെ ഇറക്കുമതി പങ്കാളിത്തം 590 ബില്യണ്‍ യു.എസ് ഡോളറാണ്. ഇവയുടെ പങ്കാളിത്തം ഇന്ത്യയുടെ ടെക്‌സ്റ്റൈല്‍ കയറ്റുമതി വിപണിയില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവ വര്‍ധനവ് ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് ടെക്‌സ്‌റ്റൈല്‍ കയറ്റുമതി വ്യാപാരത്തെയാണ്. നിലവിലുള്ള 9 ശതമാനം വര്‍ധനവിനു പിന്നാലെ അമേരിക്ക ഇപ്പോള്‍ ഏര്‍പ്പെടുത്തിയ 50 ശതമാനം കൂടിയാകുമ്പോള്‍ ആകെ 59 ശതമാനം വര്‍ധനവാണ് ടെക്‌സ്‌റ്റൈല്‍ രംഗത്ത് ഉണ്ടാകാന്‍ പോകുന്നത്. ഇന്ത്യയില്‍ നിന്ന് യുഎസില്‍ എത്തുന്ന 66% ഉല്‍പന്നങ്ങളെയും 50% തീരുവപ്രഹരം ബാധിക്കുമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച് ഇനീഷ്യേറ്റീവ് അഥവാ ജിടിആര്‍ഐ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതായത് മൊത്തം കയറ്റുമതി വ്യാപാരത്തില്‍ 60.2 കോടി ഡോളര്‍ മതിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധനവ് ബാധകമാണ്.

ടെക്‌സ്‌റ്റൈല്‍സ്, പാദരക്ഷകള്‍, ചെമ്മീന്‍ അടക്കമുള്ള സമുദ്രോല്‍പന്നങ്ങള്‍, ജെം ആന്‍ഡ് ജ്വല്ലറി, ഓര്‍ഗാനിക് കെമിക്കലുകള്‍, സ്റ്റീല്‍, അലുമിനിയം, ചെമ്പ്, വ്യാവസായിക ആവശ്യത്തിനുള്ള മെഷീനറികള്‍, ഫര്‍ണിച്ചറുകള്‍, വാഹനം, വാഹന പാര്‍ട്‌സുകള്‍ എന്നിവയ്ക്ക് തീരുവ വര്‍ധനവ് തിരിച്ചടിയാകും. ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍, സ്മാര്‍ട്‌ഫോണുകള്‍, മറ്റ് ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് തല്‍ക്കാലം തീരുവ ഭാരമില്ലെന്നത് ആശ്വാസമാകുന്നുണ്ട്.

 

Scroll to Top