
പട്ന: രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര കൂടുതല്‍ കരുത്തോടെ ബിഹാറിനെ ഇളക്കിമറിച്ച് മുന്നോട്ട് പോകുകയാണ്. ഓരോ ദിവസവും കൂടുതല്‍ നേതാക്കള്‍ യാത്രയ്ക്ക് പിന്തുണയുമായി മുന്നോട്ട് വരുന്നുണ്ട്. ഇന്നലെ പ്രിയങ്ക ഗാന്ധി എംപി തന്നെ ജാഥയ്ക്ക് ആവേശം പകര്‍ന്ന് എത്തിയപ്പോള്‍ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് യാത്രയിലെത്തിയത്. ബിഹാറിലെ മുസഫര്‍പൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സ്റ്റാലിന് സംസാരിക്കുകയും ചെയ്തു.
രാജ്യത്തെ പവിത്രമായിരുന്ന തെരഞ്ഞെടുപ്പിനെ ബിജെപി പരിഹാസ്യമാക്കി മാറ്റിയെന്ന് സ്റ്റാലിന് പറഞ്ഞു. ബിഹാറില്‍ 65 ലക്ഷം ആളുകളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ഭീകരവാദത്തേക്കാള്‍ അപകടകരമാണെന്ന രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. രാഹുല്‍ഗാന്ധിയും തേജസ്വി യാദവും കൈകോര്‍ത്തതോടെ ജനാധിപത്യം സംരക്ഷിക്കപ്പെടുമെന്നും ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും പരാജയപ്പെടുമെന്നാണ് സ്റ്റാലിന് പറയുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി സ്വന്തം കയ്യിലെ കളിപ്പാവയാക്കി മാറ്റിയിരിക്കുകയാണെന്ന രൂക്ഷവിമര്‍ശനമാണ് സ്റ്റാലിന് ഉന്നയിക്കുന്നത്. മുസഫര്‍പൂരിലെത്തിയ യാത്രയെ സ്വീകരിക്കാന്‍ സ്റ്റാലിനൊപ്പം കനിമൊഴി കൂടി ഉണ്ടായിരുന്നു. ജനങ്ങളുടെ വേദനയെ കരുത്താക്കി മാറ്റി രാഹുല്‍ഗാന്ധിയുടെ യാത്ര തുടരുകയാണെന്നാണ് സ്റ്റാലിന് എക്സില്‍ കുറിച്ചത്.



