പ്രതിപക്ഷ നേതാവ് പറഞ്ഞ ആദ്യത്തെ ബോംബ് പൊട്ടി; ബിജെപിയിലെ സി.കൃഷ്ണകുമാര്‍ ലൈംഗികാപവാദ കുരുക്കില്‍; ബന്ധുവായ വീട്ടമ്മയുടെ പരാതി ബിജെപിക്ക്; നടപടി എടുക്കുമോ രാജീവ് ചന്ദ്രശേഖര്‍? കൃഷ്ണകുമാര്‍ പുറത്തു പോകുമോ?

വി.ഡി സതീശന്‍ ഇന്നലെ പറഞ്ഞത് വെറും വാക്കായിരുന്നില്ലെന്ന് ഇപ്പോള്‍ വ്യക്തമായി. സിപിഐഎമ്മും ബിജെപിയും കരുതിയിരുന്നോളൂ., എല്ലാവരെയും ഞെട്ടിക്കാന്‍ പോന്ന ബോംബ് വരുന്നുണ്ടെന്ന് പറഞ്ഞ് 24 മണിക്കൂര്‍ തികയും മുന്‍പ് തന്നെ ആദ്യത്തെ ബോംബ് പൊട്ടി. ബിജെപിയിലാണ് ആദ്യത്തെ ബോംബ് പൊട്ടിയിരിക്കുന്നത്. പാലക്കാട്ടെ ബിജെപി നേതാവും പാലക്കാട് സ്ഥാനാര്‍ത്ഥിയുമായിരുന്ന സി.കൃഷ്ണകുമാറിനെതിരെയാണ് പരാതി. പാലക്കാട് സ്വദേശിനിയായ ബന്ധുവായ വീട്ടമ്മ കൃഷ്ണകുമാറിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കുകയും പരാതി കിട്ടിയതായി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കന്റോണ്‍മെന്റ് ഹൗസിലേക്ക് കാളയുമായി മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരോട് ആ കാളയെ കളയരുതെന്നും ബിജെപി അധ്യക്ഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരുമെന്നും സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു.

ബിജെപിയും സിപിഐഎമ്മും അധികം അഹങ്കരിക്കേണ്ടതില്ലെന്നും ഒരു ബോംബ് വൈകാതെ പൊട്ടുമെന്നുമായിരുന്നു സതീശന്‍ ഇന്നലെ നല്‍കിയ അസാധാരണ മുന്നറിയിപ്പ്. കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്കും മാര്‍ച്ച് നടത്തേണ്ടി വരുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സതീശന്‍ പറഞ്ഞ ബോംബ് ബിജെപി കോര്‍ കമ്മിറ്റി അംഗത്തിനെതിരെയാണെന്ന് സൂചന നല്‍കി സന്ദീപ് വാര്യരും രംഗത്തെത്തി. എന്നാല്‍, സതീശന്‍ ഉദ്ദേശിച്ച ആ ബോംബ്, കുടുംബകാര്യം മാത്രമാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ പേര് പരാമര്‍ശിക്കാതെ ഇന്നലെ ബിജെപി വൃത്തങ്ങള്‍ നല്‍കിയ സൂചന. ഇതെല്ലാം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന സംഭവങ്ങളാണ്. ഇതിനിടയിലാണ് സി. കൃഷ്ണകുമാറിനെതിരെ പാലക്കാട് സ്വദേശിനി നേരിട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഇ-മെയില്‍ വഴി പരാതി നല്‍കിയതും ഇരയുടെ പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖര്‍ യുവതിയെ അറിയിച്ചതും.

ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്ക് നേരത്തെയും ഇതേ യുവതി കൃഷ്ണകുമാറിനെതിരെ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതി പരാതിയില്‍ പറയുന്നുണ്ട്. ആദ്യം ഗോപാലന്‍കുട്ടി മാസ്റ്ററെയും പിന്നീട് വി.മുരളീധരനെയും, എം.ടി രമേശിനെയും, സുഭാഷിനേയും പരാതിയുമായി സമീപിച്ചെങ്കിലും നടപടിയെടുക്കാമെന്ന് പറഞ്ഞതല്ലാതെ മുന്നോട്ട് പോയില്ല, ഇതിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണം ഉയരുകയും രാഹുലിനെതിരായ സമരത്തില്‍ മുന്‍പന്തിയില്‍ കൃഷ്ണകുമാറും ഉണ്ടായിരുന്നു. എന്നാല്‍, രാഹുലിനെതിരായ പ്രതിഷേധ പ്രകടനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കാനുള്ള അര്‍ഹത കൃഷ്ണകുമാറിനില്ലെന്നും കൃഷ്ണകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും യുവതിയുടെ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഒരിക്കല്‍ ആര്‍എസ്എസ് നേതൃത്വത്തിനു മുന്നില്‍ വരെ എത്തിയ പരാതിയാണ് ഇപ്പോള്‍ വീണ്ടും ബിജെപിക്ക് മുന്നിലെത്തുന്നത്. എന്നാല്‍, ഇതില്‍ പാര്‍ട്ടി എന്ത് നടപടി എടുക്കുമെന്ന് കണ്ടറിയണം. പരാതി കുടുംബപ്രശ്‌നം മാത്രമായി മാറ്റാനുള്ള ശ്രമവും ബിജെപിക്കുള്ളില്‍ നടക്കുന്നുണ്ട്. കുടുംബപ്രശ്‌നമായി ചിത്രീകരിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി അണിയറ നീക്കം ശക്തമാണ്. കാരണം പാലക്കാട്ടെ ബിജെപിയെ നിയന്ത്രിക്കുന്നത് തന്നെ കൃ്ഷണകുമാറാണെന്ന ഒരു നിലയുണ്ട്. എതിര്‍പ്പുകള്‍ ഏറെ മറികടന്നാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായത്. തോല്‍വിയോടെ പ്രഭാവത്തിന് മങ്ങലേറ്റെങ്കിലും കൃഷ്ണകുമാര്‍ പാലക്കാട്ടെ പാര്‍ട്ടിയുടെ അവിഭാജ്യഘടകമായി തുടര്‍ന്നു. ബിജെപി ഭാരവാഹിത്വത്തില്‍ നിന്ന് പുറത്തായെങ്കിലും രാജീവ് ചന്ദ്രശേഖറിന്റെ പരിലാളനയില്‍ കൃഷ്ണകുമാര്‍ കോര്‍ കമ്മിറ്റയില്‍ തുടര്‍ന്നു. അതായത്, പാലക്കാട്ട് കൃഷ്ണകുമാര്‍ ബിജെപിയില്‍ അവിഭാജ്യഘടകമാണെന്ന് ഇതോടെ ഉറപ്പിക്കപ്പെടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബിജെപി പ്രതിഷേധത്തിന് മുന്നില്‍ കൃഷ്ണകുമാറായിരുന്നു. അതുകൊണ്ട് തന്നെ ആദ്യത്തെ ബോംബ് കൃഷ്ണകുമാറിനെതിരാകുന്നതും ആ സാഹചര്യത്തിലാണ്. ആരോപണത്തില്‍ പോലീസിന് മുന്നില്‍ പരാതി എത്താനും സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ അറസ്റ്റിലേക്ക് അടക്കം കാര്യങ്ങള്‍ പോകും. പരാതി ബിജെപിക്ക് ലഭിച്ചെന്ന് ഉറപ്പിച്ച കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ബിജെപിക്കെതിരെ മുന്നോട്ട് പോകുമെന്നുറപ്പാണ്.

എന്നാല്‍ തനിക്കെതിരായ പീഡന പരാതി സ്വത്ത് തര്‍ക്കം മാത്രമാണെന്നാണ് സി.കൃഷ്ണകുമാര്‍ പറയുന്നത്. സ്വത്ത് തര്‍ക്കത്തില്‍ ഈ യുവതി തനിക്കെതിരെ പീഡന പരാതി ഉന്നയിച്ചിരുന്നെന്നും സത്യമല്ലെന്നു കണ്ട് കോടതി തള്ളിയതാണെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, മാധ്യമങ്ങള്‍ വിശദാംശം ആരാഞ്ഞതോടെ പൊലീസ് പരാതി അന്വേഷിച്ച് തള്ളിയതാണെന്നും അതുകൊണ്ട് കോടതിയിലെത്തിയില്ലെന്നും കൃഷ്ണകുമാര്‍ മലക്കം മറിഞ്ഞു. പാര്‍ട്ടിയില്‍ പലര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന യുവതിയുടെ ആരോപണവും കൃഷ്ണകുമാര്‍ നിഷേധിച്ചു. കഴമ്പുണ്ടെന്ന് തോന്നിയ പരാതിയില്‍ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ടെന്നും അത്തരത്തിലൊരു പരാതിയിലാണ് സന്ദീപ് വാര്യരെ മാറ്റി നിര്‍ത്തിയതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വം വിശദീകരണമൊന്നും തേടിയിട്ടില്ലെന്നും, അങ്ങനെയുണ്ടായാല്‍ നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ തനിക്ക് സാധിക്കുമെന്നും കൃഷ്ണകുമാര്‍ പറയുന്നുണ്ട്. ആരോപണത്തിനു പിന്നില്‍ സന്ദീപ് വാര്യരാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് കൃഷ്ണകുമാര്‍ ചെയ്യുന്നത്. ഞങ്ങളുടെ ഇടയിലുണ്ടായിരുന്ന അസുരവിത്ത് പുറത്ത് പോയെന്നും അയാളാണ് ഇതിന് പിന്നിലെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.

ഞെട്ടാന്‍ തയ്യാറാകാന്‍ സിപിഐഎമ്മിനും ഇന്നലെ സതീശന്‍ താക്കീത് നല്‍കിയിട്ടുണ്ട്. ബിജെപിക്കെതിരായ ആദ്യ ബോംബ് പൊട്ടുക കൂടി ചെയ്തതോടെ അടുത്തത് സിപിഐഎമ്മിന്റെ ഊഴമായിരിക്കും. ബോംബുകള്‍ വീഴുന്നത് കോണ്‍ഗ്രസിലാണെന്നും തങ്ങള്‍ക്ക് ഭയമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞെങ്കിലും സിപിഐഎമ്മിന് ആശങ്കയുണ്ട്. ഏത് രീതിയിലായിരി്ക്കും സതീശന്‍ പറഞ്ഞ ബോംബ് പൊട്ടുക എന്ന കാര്യത്തില്‍. പ്രതിപക്ഷ നേതാവിന്റേത് വീരവാദം അല്ലെന്നും ആ ‘ബോംബ് ‘ എന്തായാലും പൊട്ടുമെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങളും സൂചന നല്‍കുന്നു. വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് തന്നെ തെളിവു സഹിതം പുറത്തുവിടും എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെ സിപിഐഎം ഇക്കാര്യത്തില്‍ ജാഗരൂകരാണ്. എന്നാല്‍, ഏത് രൂപത്തിലായിരിക്കും പ്രതിപക്ഷ നേതാവിന്റെ ബോംബ് പൊട്ടുക എന്ന കാര്യത്തില്‍ മാത്രമാണ് സിപിഎമ്മിന് അനിശ്ചിതത്വം.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ബിജെപിയും സിപിഐഎമ്മും അധികം അഹങ്കരിക്കേണ്ടതില്ലെന്നാണ് സതീശന്‍ ഇന്നലെ വ്യക്തമാക്കിയത്. കേരളം തന്നെ ഞെട്ടാന്‍ പോകുന്ന ഒരു വലിയ ബോംബ് കയ്യിലുണ്ടെന്നും വൈകാതെ പൊട്ടുമെന്നും താക്കീത് നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ശരിയായ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തതെന്നും അതു ചെയ്യാത്തവര്‍ സൂക്ഷിച്ചോളൂ എന്നുമുള്ള മുന്നറിയിപ്പായിരുന്നു സതീശന്റേത്. ഇനിയും ചിലതെല്ലാം പുറത്തുവന്നേക്കാമെന്ന സന്ദേശം കൂടി അതു നല്‍കി. ഒരുപേടിയുമില്ലെന്ന മറുപടി നല്‍കി സിപിഎമ്മും യുദ്ധം പ്രഖ്യാപിച്ചു.

Scroll to Top