
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം മുടങ്ങി. ചുരം വ്യൂ പോയിന്റിന് സമീപമാണ് മണ്ണും കല്ലും മരങ്ങളും റോഡിലേക്ക് വീണത്. ദേശീയപാത 766 താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഒന്‍പതാം വളവിനു സമീപം വൈകിട്ട് ഏഴുമണിയോടെയാണ് വലിയ പാറക്കല്ലുകളും മണ്ണും മറ്റും റോഡിലേക്ക് ഇടിഞ്ഞുവീണത്. കാല്‍നട പോലും സാധ്യമല്ലാത്ത രീതിയിലാണ് തടസ്സം. ഗതാഗതം പുനഃസ്ഥാപിക്കാന്‍ മണിക്കൂറുകളെടുക്കുമെന്നാണ് സൂചന. മണ്ണുമാന്തി യന്ത്രം എത്തിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇതുവഴിയുളള ഗതാഗതം ഒഴിവാക്കുന്നതാകും ഉചിതമെന്ന് പൊലീസ് അറിയിച്ചു. അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
അടിവാരത്ത് നിന്നുള്ള വാഹനങ്ങള്‍ കുറ്റ്യാടി ഭാഗത്തേക്കും വൈത്തിരി ഭാഗത്ത് നിന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നുണ്ട്. കുറ്റ്യാടി വഴിയല്ലെങ്കില്‍ നിലമ്പൂര്‍ നാടുകാണി ചുരം വഴി യാത്ര ക്രമീകരിക്കണമെന്നാണ് പൊലീസ് അറിയിപ്പ്. അടിവാരത്തും, ലക്കിടിയിലും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും വാഹനങ്ങള്‍ തിരിച്ചു വിടുന്നുണ്ട്. മണ്ണിടിഞ്ഞപ്പോള്‍ തലനാരിഴയ്ക്കാണ് വാഹനങ്ങള്‍ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അതിനിടെ ഓണാവധിയും വിനോദസഞ്ചാര സീസണും അടുക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി മുന്‍പ് നടപ്പാക്കുന്നതു പോലെ തിരക്കുള്ള സമയത്ത് ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നുവരുന്നുണ്ട്. ചുരം റോഡില്‍ പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്.



