നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കൈനകരിയുടെ മധുരപ്രതികാരം; വീയപുരം ജലരാജാക്കന്‍മാര്‍; നടുഭാഗം ചുണ്ടന്‍ റണ്ണറപ്പുകള്‍., വീയപുരം തുഴഞ്ഞെടുത്തത് കഴിഞ്ഞ തവണ നഷ്ടമായ കിരീടം.

ആലപ്പുഴ: കഴിഞ്ഞ വര്‍ഷം മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ജലരാജ പട്ടം ഇക്കുറി തുഴഞ്ഞെടുത്ത് വിബിസി കൈനകരിയുടെ മധുര പ്രതികാരം. 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിബിസി കൈനകരിയുടെ വീയപുരം ചുണ്ടന്‍ ജലരാജാക്കന്‍മാരായി. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മേല്‍പ്പാടം (പള്ളാതുരുത്തി ബോട്ട് ക്ലബും നിരണം (നിരണം ബോട്ട് ക്ലബ് നാലാമതുമെത്തി.

കഴിഞ്ഞ തവണ ഫൈനലില്‍ എത്തിയിട്ടും തോല്‍വിയുമായാണ് വീയപുരം മടങ്ങിയത്. വിബിസിയുടെ മൂന്നാം കിരീടമാണ്. നിരണം, മേല്‍പ്പാടം, വീയപുരം, നടുഭാഗം എന്നീ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരച്ചത്. ഒന്നാം ട്രാക്കില്‍ മേല്‍പ്പാടം, രണ്ടാം ട്രാക്കില്‍ നിരണം, മൂന്നാം ട്രാക്കില്‍ നടുഭാഗം, നാലാം ട്രാക്കില്‍ വീയപുരം എന്നിവര്‍ അണിനിരന്നു. ഹീറ്റ്സില്‍ മികച്ച സമയം കുറിച്ചത് നടുഭാഗമാണ്( 4.20.904). രണ്ടാമത് നിരണം 4.21.269, മൂന്നാമത് വീയപുരവും (4.21. 810). നാലാം സ്ഥാനം മേല്‍പ്പാടം ചുണ്ടന്‍(4.22.123). ആദ്യ ഹീറ്റ്‌സില്‍ ചുണ്ടന്‍ കാരിച്ചാല്‍ ഒന്നാമതെത്തി.

രണ്ടാം ഹീറ്റ്‌സ് മത്സരത്തില്‍ നടുവിലേ പറമ്പനും മൂന്നാം ഹീറ്റ്‌സില്‍ മേല്‍പ്പാടം ചുണ്ടന്‍ ഒന്നാമതെത്തി. നാലാം ഹീറ്റ്‌സില്‍ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ഒന്നാമതെത്തി. അഞ്ചാം ഹീറ്റസില്‍ പായിപ്പാടന്‍ വണ്‍ വള്ളം ഒന്നാമതെത്തി. ആറാം ഹീറ്റ്സില്‍ വീയപുരം വിബിസി ചുണ്ടന്‍ ഒന്നാമതെത്തി. 21 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ തവണ നിസ്സാര സമയത്തിന് ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വിയപുരം ചുണ്ടനില്‍ ആണ് തുഴഞ്ഞത്.

Scroll to Top