ചെന്നൈയിലുണ്ടായത് മേഘവിസ്‌ഫോടനത്തിന്റെ ചെറിയ പതിപ്പ്; ഒറ്റ രാത്രി പെയ്തിറങ്ങിയതു 100 മില്ലി മീറ്റര്‍ മഴ., വിമാനസര്‍വീസുകളെയും ബാധിച്ചു.

ചെന്നൈ: ചെന്നൈ നഗരത്തിലെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ഒറ്റരാത്രി കൊണ്ട് 100 മില്ലിമീറ്ററില്‍ അധികം മഴ പെയ്തതായി കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ചെന്നൈയിലുണ്ടായത് മേഘവിസ്‌ഫോടനത്തിന്റെ ചെറിയ പതിപ്പാണെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ എന്നൂറില്‍ 150 മില്ലിമീറ്റര്‍ മഴ ലഭിച്ചു. തൊണ്ടയാര്‍പെട്ട്, അമ്പത്തൂര്‍, നുങ്കംപാക്കം, ഗിണ്ടി, എഗ്മൂര്‍, അണ്ണാ നഗര്‍ തുടങ്ങിയ ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്തത്. നഗരത്തില്‍ ഞായറാഴ്ച രാത്രിവരെ മഴ തുടര്‍ന്നെങ്കിലും തിങ്കളാഴ്ച മഴ ഒഴിഞ്ഞു നിന്നത് ആശ്വാസമായി.

നഗരത്തില്‍ ഈ വര്‍ഷത്തെ ആദ്യ മേഘവിസ്‌ഫോടനമാണ് അനുഭവപ്പെട്ടതെന്ന് പ്രമുഖ സ്വകാര്യ കാലാവസ്ഥ നിരീക്ഷകന്‍ പ്രദീപ് ജോണ്‍ പറഞ്ഞു. കനത്ത മഴ വിമാന സര്‍വീസുകളെയും ബാധിച്ചു. ഇന്നലെ പുലര്‍ച്ചെ ചെന്നൈയിലേക്കുള്ള 4 വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 8 വിമാനങ്ങള്‍ ആകാശത്ത് ഏറെ നേരം കറങ്ങിയ ശേഷം ലാന്‍ഡ് ചെയ്തു. ഇവിടെ നിന്നു പുറപ്പെടേണ്ട 15 വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണു യാത്രയായത്. ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ സമീപ ജില്ലകളിലും ശക്തമായ മഴ പെയ്തു. തടാകങ്ങളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചു.

Scroll to Top