
ഷാങ്ഹായ്: ഷാങ്ഹായിയില്‍ നടന്ന ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണെന്നും ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ സംസാരിച്ചത്.
ഭീകരവാദത്തെ എതിര്‍ക്കുന്നതില്‍ ഇരട്ടത്താപ്പ് പാടില്ല. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഇന്ത്യ ഭീകരവാദത്തിന്റെ ആഘാതം അനുഭവിച്ചുവരികയാണ്. പഹല്‍ഗാമില്‍ ഉണ്ടായ ആക്രമണം മാനവരാശിക്കു നേരെയുണ്ടായ ആക്രമണമാണ്. ദുഃഖത്തിന്റെ ആ മണിക്കൂറുകളില്‍ ഇന്ത്യയോടൊപ്പം നിന്ന സൗഹൃദ രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
”പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ആക്രമണം മാത്രമായിരുന്നില്ല. മറിച്ച് മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമുള്ള തുറന്ന വെല്ലുവിളിയായിരുന്നു. ഭീകരത നിലനില്‍ക്കുന്നിടത്തോളം കാലം ഏതൊരു രാജ്യത്തിനും, ഏതൊരു സമൂഹത്തിനും സുരക്ഷിതത്വം തോന്നില്ല. സുരക്ഷ എല്ലാ രാജ്യത്തിന്റെയും അവകാശമാണ്. ഭീകര സംഘടനകള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കുമെതിരായ പോരാട്ടത്തില്‍ ഇന്ത്യ നേതൃത്വം വഹിച്ചിട്ടുണ്ട്, കൂടാതെ ഏത് തരത്തിലുള്ള ഭീകരതയ്ക്കും ധനസഹായം നല്‍കുന്നതിനെയും ഞങ്ങള്‍ എതിര്‍ക്കുന്നു. പഹല്‍ഗാമില്‍ ഭീകരതയുടെ വളരെ മോശം മുഖം ഞങ്ങള്‍ കണ്ടു. നമുക്ക് നമ്മുടെ കുട്ടികളെ നഷ്ടപ്പെട്ടു, പലരും അനാഥരായി” പ്രധാനമന്ത്രി പറഞ്ഞു.



