
ഷാങ്ഹായ്: അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാതെ ഇന്ത്യ ചൈനയും റഷ്യയുമായി കൈകോര്‍ത്തപ്പോള്‍ ലോക രാഷ്ട്രീയ ഭൂപടത്തില്‍ പുതിയ ഒരു ശാക്തിക ചേരി രൂപം കൊള്ളുകയാണ്. ട്രംപിന്റെ താരിഫ് സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സഹകരണം ദൃഢമാക്കാന്‍ ഇന്ത്യയും ചൈനയും റഷ്യയും തീരുമാനിച്ചതോടെ അമേരിക്കയ്ക്ക് തിരിച്ചടിയായി മാറും. താരിഫ് ഭീഷണി വകവയ്ക്കാതെ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയാണ്. എണ്ണ ഇറക്കുമതി നിര്‍ത്തില്ലെന്ന് റഷ്യന്‍ പ്രസിഡണ്ട് വിളാദിമിര് പുടിനെ മോദി അറിയിച്ചിട്ടുണ്ട്. ഒപ്പം പഹല്‍ഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിക്കുകയും ചെയ്തു.
റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകള്‍ക്കുശേഷം ഒരേ നിലപാടിലേക്കെത്തുന്ന അസാധാരണ ദൃശ്യമാണ് ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ കണ്ടത്. ഉച്ചകോടിയുടെ വേദിയില്‍ പരസ്പരം കണ്ടുമുട്ടിയ വ്ളാദിമിര്‍ പുടിനും നരേന്ദ്ര മോദിയും പരസ്പരം ആലിംഗനം ചെയ്തു. പുടിനെ കാണുന്നത് ആഹ്ലാദകരമെന്നാണ് മോദി എക്സില്‍ കുറിച്ചത്. പിന്നീട് ഇരുവരും ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങിനെ കണ്ട് ചര്‍ച്ച നടത്തി. റഷ്യന്‍ എണ്ണ വാങ്ങുന്നത് വഴി യുക്രെയ്ന് യുദ്ധത്തിന് ഇന്ത്യ സാമ്പത്തിക സഹായം നല്‍കുന്നുവെന്ന അമേരിക്കന്‍ ആരോപണത്തിനിടെ നരേന്ദ്ര മോദിയും പുടിനും ഉച്ചകോടിയുടെ വേദിയില്‍ നിന്ന് ഒരേ കാറിലാണ് മടങ്ങിയത്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ ട്രംപിന്റെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് വ്യക്തമായ സൂചനയാണ് മോദി നല്‍കിയത്. ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ച പ്രസ്താവനയും ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചന നല്കി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നയം വേണമെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സ്പോണ്സര്മാരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു.
ഇറാനിലെ അമേരിക്കന്‍ ഇസ്രയേല്‍ ആക്രമണത്തെ പ്രസ്താവന അപലപിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും പലസ്തീനിയന്‍ പ്രശ്നം കൂടി കണക്കിലെടുത്തുള്ള പരിഹാരം വേണമെന്നും പ്രസ്താവന നിര്‍ദ്ദേശിക്കുന്നു. റഷ്യ ഇന്ത്യ ബന്ധം എത്ര ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ കാഴ്ചകള്‍. ചൈന കൂടി ഈ ഇതിന്റെ ഭാഗമാകുന്നതോടെ അമേരിക്കന്‍ ആധിപത്യവും ഏകപക്ഷീയ നടപടികളും അംഗീകരിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഡോണള്‍ഡ് ട്രംപിന് മോദിയും പുടിനും ഷിയും നല്‍കുന്നത്.



