
വാഷിംഗ്ടണ്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തിയ നടപടിക്കെതിരായ ഫെഡറല്‍ കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. തീരുവ ചുമത്തിയ കോടതിക്കും ജഡ്ജിമാര്‍ക്കും എതിരെ ട്രംപ് പൊട്ടിത്തെറിച്ചു. തീരുവ ചുമത്തിയില്ലെങ്കില്‍ അമേരിക്കയില്‍ സര്‍വനാശമുണ്ടാകുമെന്നും രാജ്യത്തിന്റെ സൈനിക ശക്തി തല്‍ക്ഷണം ഇല്ലാതാക്കപ്പെടുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇടതുപക്ഷ റാഡിക്കല്‍ ജഡ്ജുമാര്‍ എന്നാണ് വിധി പ്രസ്താവിച്ച കോടതിയെ പ്രസിഡണ്ട് വിമര്‍ശിച്ചത്. വെള്ളിയാഴ്ചയാണ് യുഎസിലെ ഫെഡറല്‍ അപ്പീല്‍ കോടതി ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ചില താരിഫുകള്‍ അസാധുവാക്കി വിധി പുറപ്പെടുവിച്ചത്.
”താരിഫുകളും, നമ്മള്‍ ഇതിനകം ഏറ്റെടുത്തിട്ടുള്ള ട്രില്യണ്‍ കണക്കിന് ഡോളറുകളും ഇല്ലെങ്കില്‍, നമ്മുടെ രാജ്യം പൂര്‍ണമായും നശിപ്പിക്കപ്പെടും. നമ്മുടെ സൈനിക ശക്തി തല്‍ക്ഷണം ഇല്ലാതാകും. റാഡിക്കല്‍ ഇടതുപക്ഷ ജഡ്ജിമാരുടെ സംഘം അതു കാര്യമാക്കിയില്ല.” എന്നാണ് ട്രംപ് കോടതിക്കെതിരെ പൊട്ടിത്തെറിച്ചത്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ രൂക്ഷവിമര്‍ശനം പ്രത്യക്ഷപ്പെട്ടത്.
ട്രംപിനെതിരെ അതിരൂക്ഷ വിമര്‍ശനമുന്നയിച്ചു കൊണ്ടാണ് കോടതി തീരുവ നടപടി അസാധുവാക്കിയിരുന്നത്. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച ട്രംപ് തന്റെ അധികാരം ലംഘിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു. തീരുവ നയങ്ങള്‍ ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്റ്റ് (ഐഇഇപിഎ) പ്രകാരം അനുവദനീയമല്ലെന്നാണ് ഫെഡറല്‍ യുഎസ് കോടതി ഓഫ് അപ്പീല്‍സ് പറഞ്ഞത്. എക്‌സിക്യൂട്ടീവ് അധികാരത്തിന്റെ അഭൂതപൂര്‍വമായ കടന്നുകയറ്റമാണ് ട്രംപ് നടത്തിയതെന്നും കോടതി പറഞ്ഞിരുന്നു.
നികുതികളും താരിഫുകളും ചുമത്താനുള്ള അധികാരം കോണ്‍ഗ്രസിന് ഭരണഘടന നല്‍കുന്ന അടിസ്ഥാന ഉത്തരവാദിത്തമാണെന്നും വിധി പുറപ്പെടുവിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. വിധി നടപ്പാക്കുന്നത് ഒക്ടോബര്‍ വരെ നീട്ടിവച്ചതിനാല്‍ പ്രഖ്യാപിച്ച തീരുവകള്‍ തല്‍ക്കാലം തുടരുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ട്രംപിന് ഫെഡറല്‍ കോടതി വിധിക്കെതിരെ ഈ ഘട്ടത്തില്‍ സുപ്രീം കോടതിയിയെ സമീപിക്കാനും സാധിക്കും.



