
വയനാട്: വയനാട് ദുരന്തത്തില്‍ വീടും കിടപ്പാടവും നഷ്ടമായവര്‍ക്ക് തലചായ്ക്കാന്‍ വീടുമായി മുസ്ലിംലീഗിന്റെ വീട് നിര്‍മാണത്തിന് തുടക്കമായി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തിലാണ് നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചത്. എട്ടു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടുകള്‍ ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി വയനാട്ടില്‍ ലീഗ് കണ്ടെത്തിയത് പെര്‍ഫെക്ട് ഭൂമിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ഏറ്റവും നല്ല ഭൂമിയാണ് കണ്ടെത്തിയത്. എത്രയും പെട്ടെന്ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കും. തടസ്സപ്പെടുത്താന്‍ ആര് വിചാരിച്ചാലും കഴിയില്ല. വയനാട്ടില്‍ സര്‍ക്കാറിന്റെ ഉള്‍പ്പെടെ എല്ലാ ഭൂമികളും ഇത്തരത്തിലുള്ളതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ മുട്ടില്‍-മേപ്പാടി റോഡരികിലാണ് ലീഗിന്റെ ഭവന സമുച്ചയ നിര്‍മ്മാണം. ഇരുനില കെട്ടിടത്തിന് ആവശ്യമായ അടിത്തറയോടെ എട്ട് സെന്റ് ഭൂമിയില്‍ ആയിരം സ്ക്വയര്‍ ഫീറ്റില്‍ 105 വീടുകള്‍ നിര്‍മ്മിക്കാനാണ് മുസ്ലീം ലീഗ് ഒരുങ്ങുന്നത്. ഒരു കുടുംബത്തിന് എട്ടുസെന്റില്‍ 1000 ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന വീട്ടില്‍ മൂന്നുമുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യവും ഉറപ്പാക്കും. എട്ടുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആര്‍ക്കിടെക്ട് ടോണിയുടെ നേതൃത്വത്തിലുള്ള സപതി അര്‍ക്കിടെക്സാണ് ഭവനപദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കിയത്. നിര്മ്മാണ് കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് നിര്‍മ്മാണ ചുമതല.



