ഷാങ്ഹായിയില്‍ കൂടിക്കാഴ്ച നടത്തി മോദിയും പുടിനും; പിന്നാലെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയില്‍ വില കുറച്ച് റഷ്യ., ബാരലിന് 4 ഡോളര്‍ വരെ വില കുറയും.

ഷാങ്ഹായ്: ഷാങ്ഹായിയില്‍ സഹകരണ സംഘടനാ ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് യു.എസിന്റെ പ്രതികാര നടപടികള്‍ തുടരുന്നതിനിടയിലാണ് പുടിനും മോദിയും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയില്‍ വിലയില്‍ വലിയ കിഴിവും റഷ്യ പ്രഖ്യാപിച്ചു. ബാരലിന് മൂന്നുഡോളര്‍ മുതല്‍ നാലുഡോളര്‍ വരെ വിലക്കിഴിവാണ് നല്‍കുന്നത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് യു.എസ് ഇന്ത്യക്കുമേല്‍ ഉയര്‍ന്ന താരിഫ് ചുമത്തുന്നതിനിടെയാണ് ഈ വിലക്കിഴിവെന്നത് ശ്രദ്ധേയമാണ്.

സെപ്തംബര്‍ മാസം അവസാനവും ഒക്ടോബറിലും കയറ്റുമതി ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള യുരാള്‍സ് ഗ്രേഡില്‍പെട്ട ക്രൂഡ് ഓയിലിന് ഇതിനകം തന്നെ വിലക്കിഴിവ് നിശ്ചയിച്ചിട്ടുണ്ട്. ജൂലൈയില്‍ ബാരലൊന്നിന് നല്‍കിയിരുന്ന ഒരു ഡോളര്‍ വിലക്കിഴിവ്, കഴിഞ്ഞയാഴ്ചയോടെ 2.50 ഡോളറായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 2022 മുതലാണ് റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വന്‍വര്‍ധനയുണ്ടാകുന്നത്. ഒരുശതമാനത്തിന് താഴെനിന്ന് 40 ശതമാനത്തോളം എത്തിനില്‍ക്കുകയാണ് ഈ വളര്‍ച്ച. 5.4 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യയുടെ പ്രതിദിന ഇറക്കുമതി. 2024-25 ല്‍ ഇറാഖ്, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ മറികടന്ന് റഷ്യയില്‍ നിന്നായിരുന്നു ഇന്ത്യ 36 ശതമാനവും ഇറക്കുമതി ചെയ്തത്.

ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാന്‍ നീക്കംനടത്തുന്ന ട്രംപ് ഭരണകൂടം, റഷ്യയുമായുള്ള രാജ്യത്തിന്റെ ക്രൂഡ് വ്യാപാരത്തിന് മേല്‍ സമ്മര്‍ദം കടുപ്പിച്ചിരുന്നു. യുക്രൈനിലെ കൂട്ടക്കൊല നിര്‍ത്താന്‍ എല്ലാവരും ആവശ്യപ്പെടുന്ന സാഹചര്യത്തില്‍പ്പോലും റഷ്യയില്‍നിന്ന് ഇന്ത്യ കൂടുതല്‍ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയായിരുന്നു ഇന്ത്യക്കെതിരേ ട്രംപ് തീരുവ ഏര്‍പ്പെടുത്തിയത്. 25 ശതമാനം തീരുവയായിരുന്നു ഇന്ത്യക്കെതിരേ ആദ്യം ട്രംപ് പ്രഖ്യാപിച്ചത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാവാത്തതിനെ തുടര്‍ന്ന് 25 ശതമാനം കൂടി അധികമായി ചുമത്തിയിരുന്നു.

 

Scroll to Top