അടുത്തടുത്തിരുന്ന് ഓണസദ്യയുണ്ട്, ചിരി പങ്കിട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും., സൗഹൃദ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു.

തിരുവനന്തപുരം: രാഷ്ട്രീയത്തിനപ്പുറം ഗാഢമായ വ്യക്തിബന്ധങ്ങള്‍ പുലര്‍ത്തുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സൗഹൃദം പങ്കിടുന്ന ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ഇത്തവണ മുഖ്യമന്ത്രി ഒരുക്കിയ ഓണവിരുന്നിനിടയിലെ മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. വിരുന്നില്‍ അടുത്തടുത്തിരുന്ന് സദ്യയുണ്ട ഇരുവരും ചിരി പങ്കിടുന്നതിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലായിരുന്നു വിരുന്ന്. ഇതിന്റെ ചിത്രങ്ങള്‍ പൊതുമാരമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ഓണവിരുന്നായിരുന്നു ഇത്.

സമീപകാലത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍, അയ്യപ്പ സംഗമം തുടങ്ങിയ വിഷയങ്ങളില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയവരാണ് അടുത്തടുത്തിരുന്ന് സദ്യ കഴിച്ച് പിരിഞ്ഞത്. പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളിലും അദ്ദേഹത്തിനെതിരായി പുറത്തുവന്ന പെണ്‍കുട്ടിയുടെ ശബ്ദരേഖയിലുമാണ് അടുത്തിടെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് രംഗത്തുവന്നത്. രാഹുലിനെപ്പോലൊരാളെ ന്യായീകരിക്കുന്നത് ഇത്തരമാളുകളെ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് ഉണ്ടാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

 

 

Scroll to Top