
കോട്ടയം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനക്കാര്യത്തില്‍ ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഒരു സംഘം ഇന്ന് യെമനിലെത്തിയിട്ടുണ്ട്. ആരു ചര്‍ച്ച നടത്തിയാലും നല്ലതാണ്. ശുഭവാര്‍ത്ത പ്രതീക്ഷിക്കാം. എന്നാല്‍ ഇതുസംബന്ധിച്ചുള്ള സമൂഹമാധ്യമ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. യെമന്‍ സ്വദേശി തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ യെമന്‍ സനായിലെ ജയിലിലായത്. യെമനിലെ കോടതി നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ജൂലൈ 16ന് നടക്കാനിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ത്യന്‍ നയതന്ത്ര ഇടപെടലുകളെ തുടര്‍ന്ന് നീട്ടിവച്ചിരുന്നു.
പാലക്കാട് സ്വദേശിനിയാണ് നിമിഷപ്രിയ. 2008ല്‍ യെമനിലേക്ക് പോയ നിമിഷപ്രിയ തലാലുമായി ചേര്‍ന്ന് പിന്നീട് സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിച്ചു. അവരുടെ പാസ്പോര്‍ട്ട് കൈവശം വച്ചിരുന്ന ബിസിനസ് പങ്കാളി കൂടിയായ തലാലിനെ 2017ല്‍ കൊലപ്പെടുത്തിയെന്നതാണ് കേസ്. പാസ്പോര്‍ട്ട് തിരികെ വാങ്ങാനായി അമിതമായ അളവില്‍ ലഹരിമരുന്ന് കുത്തിവച്ച് മയക്കിക്കിടത്താനായിരുന്നു ശ്രമം. പക്ഷേ, തലാല്‍ മരിച്ചു. തലാലിന്റെ മൃതദേഹം ഒരു വാട്ടര്‍ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.



