
തൃശ്ശൂര്‍ : കുന്ദംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി. കുന്ദംകുളം പൊലീസ് സ്റ്റേഷനിലെ നാലുപൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. എസ് ഐ നുഹ്മാന്‍ സിപിഒമാരായ എസ് സന്ദീപ്, ശശിധരന്, കെ. ജെ സജീവന്, എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തത്. ഡിഐജി ഹരിശങ്കറിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ഉത്തരമേഖല ഐജിയുടേതാണ് നടപടി. കുന്ദംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത്കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാന്‍ ഡിഐജി ഹരിശങ്കര്‍ ശുപാര്‍ശ ചെയ്തിരുന്നു.
2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ച് പൊലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ച് പൊലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായ സാഹചര്യത്തില്‍ ‘കടുത്ത നടപടി’ വേണമെന്ന് ഡിഐജി ഹരി ശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് തുടര്‍ നടപടി എടുത്താല്‍ അത് തിരിച്ചടിക്കുമെന്ന് ആശങ്കയുയര്‍ന്നു. എന്നാല്‍ നിലവിലുള്ള നടപടി പുനഃപരിശോധിക്കുന്നതിന് കോടതിയിലെ കേസ് തടസമാകില്ലെന്ന് വാദമുണ്ട്. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
സുഹൃത്തുക്കളെ അകാരണമായി ഭീഷണിപ്പെടുത്തുന്നത് ചോദ്യം ചെയ്ത സുജിത്തിനെ എസ്ഐ നുഹ്മാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് സിപിഒമാരായ ശശീന്ദ്രന്, സന്ദീപ്, സജീവന് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നുമാണ് കേസ്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് പറയുന്നു. നീ ആരാണ് ഇടപെടാന്‍ എന്ന് ചോദിച്ച പൊലീസ് സുജിത്തിന്റെ കോളറിന് പിടിച്ച് ജീപ്പില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയും മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തെന്ന വ്യാജ എഫ്ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനും നീക്കം നടന്നു. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി. പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കി. എന്നാല്‍ പൊലീസ് ഈ പരാതിയില്‍ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുന്നംകുളം പൊലീസുകാര്‍ക്കെതിരെ നേരിട്ട് കേസെടുക്കുകയായിരുന്നു.
അതേസമയം കുറ്റക്കാര്‍ക്കെതിരായ സ്പെന്ഷന് ശുപാര്‍ശക്കെതിരെ വിമര്‍ശനവുമായി മര്‍ദ്ദനത്തിനിരയായ വി എസ് സുജിത്ത് രംഗത്തെത്തി. സസ്പെന്ഷന് അല്ല ആവശ്യമെന്നും അവരെ പിരിച്ചു വിടണമെന്നുമാണ് വി എസ് സുജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നത്. നാല് പൊലീസുകാര്‍ക്ക് പുറമേ ഡ്രൈവറായിരുന്ന സുഹൈറിനെതിരെ നടപടിവേണമെന്നും സുജിത്ത് പറഞ്ഞു.



