
ജെറുസലേം: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ജെറുസലേമില്‍ ആയുധധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ജെറുസലേമില്‍ തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് അക്രമം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. കിഴക്കന്‍ ജറുസലമിലെ റാമോട്ട് ജംക്ഷനില്‍ കാറിലെത്തിയ രണ്ടു പേര് ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്നവര്‍ക്കെതിരെയും അവിടെയുണ്ടായിരുന്ന ബസിനു നേരെയും വെടിയുതിര്‍ക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. ആക്രമണത്തിന് ഇരയായവരില്‍ നാലുപേര്‍ സംഭവസ്ഥലത്തും രണ്ടു പേര് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള രണ്ട് പലസ്തീനികളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം കുറ്റപ്പെടുത്തി. സ്ഥലത്തുണ്ടായിരുന്ന ഒരു സൈനികനും ചില പൗരന്മാരും നടത്തിയ തിരിച്ചടിയില്‍ ഇവര്‍ കൊല്ലപ്പെട്ടതായും സൈന്യം സ്ഥിരീകരിച്ചു. വെടിവയ്പിനുപയോഗിച്ചത് മാറ്റം വരുത്തിയ കാള്‍ ഗുസ്താവ് സബ്മെഷിന് ഗണ്ണുകളാണെന്നും വെസ്റ്റ് ബാങ്കിലെ അനധികൃത ആയുധനിര്‍മാണ ശാലകളില്‍ നിര്‍മിക്കുന്ന ഇത്തരം ആയുധങ്ങള്‍ മുന്‍പും ഹമാസും മറ്റും ആക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്. അക്രമികളില്‍നിന്ന് കത്തികളും വെടിയുണ്ടകളും ലഭിച്ചെന്നു പൊലീസ് പറഞ്ഞു.
സംഭവം ഭീകരാക്രമണമാണെന്നും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പറഞ്ഞു. ഭീകരരുടെ ഗ്രാമങ്ങളെ ഇസ്രയേല്‍ വളഞ്ഞിരിക്കുകയാണ്. നമ്മള് വാഗ്ദാനം ചെയ്തതു പോലെ ഹമാസിനെ തുടച്ചുനീക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.



