
ഇന്ന് രാവിലെ റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴ്ന്ന സ്വര്‍ണ വില, ഉച്ചയോടെ വീണ്ടും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഗ്രാമിന് 9985 രൂപയും 79880 രൂപയുമാണ് പുതിയ വില. സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ ഗ്രാമിന് 10 രൂപ താഴ്ന്ന് 9,935 രൂപയും പവന് 80 രൂപ കുറഞ്ഞ് 79,480 രൂപയുമായിരുന്നു. ഗ്രാമിന് വില 10,000 രൂപയിലേക്കെത്താന്‍ 15 രൂപ കൂടി ഉയര്‍ന്നാല്‍ മതി, 80,000ലേക്ക് വെറും 120 രൂപ കൂടിയും. ഉച്ചയ്ക്ക് ശേഷം രാജ്യാന്തര സ്വര്‍ണവില 3612 ഡോളറിലേക്ക് എത്തിയതും രൂപയുടെ വിനിമയ നിരക്ക് 88 ലേക്ക് എത്തിയതുമാണ് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില ഉയരാന്‍ കാരണം. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന വാര്‍ത്തകളാണ് രാജ്യാന്തര സ്വര്‍ണവിലയുടെ വര്‍ദ്ധനവിന് പിന്നില്‍.
കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 80 രൂപ മുന്നേറി കേരളത്തില്‍ പവന്‍ 79,000 ഭേദിച്ച് റെക്കോര്‍ഡിട്ട സ്വര്‍ണ വിലയാണ് വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത്. ഈ വര്‍ഷം ജനുവരി ഒന്നിന് പവന് 57,200 രൂപയായിരുന്ന വിലയാണ് 9 മാസത്തിനുള്ളില്‍ 22,680 രൂപ വര്‍ധിച്ച് ഈ നിലയിലേക്കുയര്‍ന്നത്. തമിഴ്‌നാട്ടില്‍ സ്വര്‍ണ്ണവില ഗ്രാമിന് 10060 രൂപയായിട്ടുണ്ട്.
ഡോളറിനെ മറികടന്ന് സ്വര്‍ണം ഗ്ലോബല്‍ കറന്‍സിയായി മാറുന്നു എന്നാണ് സൂചന. ലോകത്തിലെ സംഭവവികാസങ്ങളെല്ലാം സ്വര്‍ണത്തിന് അനുകൂലമായിട്ടാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദീപാവലിയോടെ സ്വര്‍ണവില 12000 ത്തില്‍ എത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യാന്തര സ്വര്‍ണവില 3800 ഡോളറിലേക്ക് എത്തുമെന്ന സൂചനകളുമുണ്ട്.



