കണ്ണൂരില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് കുറ്റ്യാടി സ്വദേശി ഇര്‍ഫാന; തിരച്ചില്‍ നടത്തിയത് പഴശ്ശി അണക്കെട്ട് അടച്ചിട്ട്.

കണ്ണൂര്‍: മട്ടന്നൂരിലെ വെളിയമ്പ്രയില്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ ഇര്‍ഫാന എന്ന 18 കാരിയാണ് മരിച്ചത്. വെളിയമ്പ്ര എളന്നൂരില്‍ പുഴയില്‍ രണ്ടുദിവസം മുന്‍പാണ് ഇര്‍ഫാനയെ കാണാതായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ, കുട്ടി ഒഴുക്കില്‍പ്പെട്ടിടത്തുനിന്ന് 10 കിലോമീറ്ററോളം അകലെ പറശ്ശിനിക്കടവ് ഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്. പഴശ്ശി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചിട്ടായിരുന്നു തിരച്ചില്‍.

കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടുംചാല്‍ സ്വദേശി ഖലീല്‍ റഹ്‌മാന്റെയും സമീറയുടെയും ഏക മകളാണ് ഇര്‍ഫാന. ഓണാവധിക്ക് കുറ്റ്യാടിയില്‍നിന്ന് വെളിയമ്പ്രയിലെ അമ്മവീട്ടിലെത്തിയതായിരുന്നു. ശനിയാഴ്ച വൈകിട്ട് നാലോടെ ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി പുഴയിലിറങ്ങിയപ്പോഴാണ് ഇര്‍ഫാനയെ പുഴയിലെ ഒഴുക്കില്‍പ്പെട്ടു കാണാതായത്. അബദ്ധത്തില്‍ വെള്ളത്തിലേക്കു വീഴുകയായിരുന്നു. പെണ്‍കുട്ടിക്കായി അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പഴശ്ശി ഡാമിന്റെ ഷട്ടര്‍ അടച്ചാണ് തിരച്ചില്‍ നടത്തിയത്. ഞായറാഴ്ച വൈകിട്ടു നിര്‍ത്തിവച്ച തിരച്ചില്‍ ഇന്നു പുലര്‍ച്ചയോടെ ആരംഭിച്ചു. ഇതിനിടെയാണ് പറശ്ശിനിക്കടവ് ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.

Scroll to Top