വിശ്വാസത്തിനെതിരെന്ന് പറഞ്ഞ് ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല; സുവിശേഷ പ്രവര്‍ത്തകന്റെ ഭാര്യ വീട്ടില്‍ പ്രസവിച്ച നവജാതശിശു മരിച്ചു., അമ്മ ആശുപത്രിയില്‍.

ഇടുക്കി: ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കാതെ വീട്ടില്‍ തന്നെ പ്രസവം നടത്തിയതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചു. ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയിലാണ് സംഭവം. സുവിശേഷ പ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന ചാലക്കരപുത്തന്‍വീട്ടില്‍ ജോണ്‍സന്‍-വിജി ദമ്പതിമാരുടെ കുഞ്ഞാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം അവശയായിട്ടും വിജിയെ ആശുപത്രിയിലെത്തിക്കുവാന്‍ ഭര്‍ത്താവ് ജോണ്‍സണ്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇടുക്കി പൊലീസും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ബലം പ്രയോഗിച്ചാണ് വിജിയെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചത്. ആശുപത്രിയില്‍ പോകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ജോണ്‍സണോ വിജിയോ കൂട്ടാക്കിയിരുന്നില്ലെന്ന് പഞ്ചായത്ത് അംഗം പി.വി. അജേഷ്‌കുമാര്‍ പറഞ്ഞു.

വാഴത്തോപ്പ് പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വിജിക്ക് 45 വയസും ജോണ്‍സണ് 47 വയസുമാണ് പ്രായം. വിജി ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ആശുപത്രിയില്‍ പോയിരുന്നില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ പല തവണ വീട്ടിലെത്തി ആശുപത്രിയില്‍ പോയി പരിശോധന നടത്തണമെന്നും മരുന്നുകള്‍ കഴിക്കണമെന്നും നിര്‍ദേശിച്ചെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു ഇരുവരും.

വിജിക്ക് ഞായറാഴ്ച രാത്രി പ്രസവ വേദനയെടുത്തെന്നറിഞ്ഞ് തിങ്കളാഴ്ച രാവിലെ ആശാ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും വീട്ടിലെത്തി. അപ്പോഴാണ് വിജി പ്രസവിച്ചു കിടക്കുന്നതും കുഞ്ഞ് മരിച്ചതും കണ്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉടന്‍ ഇടുക്കി പോലീസില്‍ വിവരമറിയിച്ചു. ഇവര്‍ക്ക് മറ്റ് മൂന്ന് കുട്ടികള്‍ കൂടിയുണ്ട്. ഈ കുട്ടികളുടെ പ്രസവങ്ങളും ജോണ്‍സനാണ് എടുത്തത്. അയല്‍ക്കാരുമായോ സമൂഹവുമായോ ബന്ധമില്ലാതെയാണ് ഇവര്‍ കഴിയുന്നത്. മൂന്ന് കുട്ടികളെയും സ്‌കൂളില്‍ ചേര്‍ത്തിട്ടില്ല. നവജാത ശിശുവിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് ഇടുക്കി പോലീസ് കേസെടുത്തു.

Scroll to Top