നേപ്പാള്‍ സര്‍ക്കാരിനെതിരെ ‘ജെന്‍-സി’ തലമുറ തെരുവില്‍; പാര്‍ലമെന്റ് മാര്‍ച്ചിനു നേര്‍ക്ക് പൊലീസ് വെടിവയ്പ്പ്; 19 പേര്‍ കൊല്ലപ്പെട്ടു., സംഘര്‍ഷം നിയന്ത്രിക്കാന്‍ കരസേന.

കാഠ്മണ്ഡു: നേപ്പാള്‍ സര്‍ക്കാരിനെതിരെ യുവാക്കളുടെ വന്‍ പ്രതിഷേധം. പുതുതലമുറയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതലമുറ പ്രക്ഷോഭ രംഗത്ത് ഇറങ്ങിയിട്ടുള്ളത്. പാര്‍ലമെന്റ് പ്രതിഷേധ മാര്‍ച്ചിനു നേരേ പൊലീസ് നടത്തിയ വെടിവയ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്., നൂറിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ പത്തോളം പേരുടെ നില ഗുരുതരമാണ്. സംഘര്‍ഷം നിയന്ത്രിക്കാന്‍ തലസ്ഥാനത്തു കരസേനയെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ റാലികള്‍ നടക്കുകയാണ്.

ദേശീയ ഗാനം ആലപിച്ചും ദേശീയ പതാകകള്‍ വീശിയും അഴിമതിക്കും സമൂഹമാധ്യമ നിരോധനത്തിനും എതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചും ആയിരക്കണക്കിനു യുവാക്കളാണ് പാര്‍ലമെന്റ് മന്ദിരത്തിനു നേരേ മാര്‍ച്ച് നടത്തിയത്. പാര്‍ലമെന്റിനു പുറത്തെ നിയന്ത്രിത മേഖലയിലേക്കു കടക്കുംമുന്‍പ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയായിരുന്നു. കണ്ണീര്‍വാതകം പ്രയോഗിച്ചതിനു പിന്നാലെ നടത്തിയ വെടിവയ്പിലാണ് 19 പേര്‍ കൊല്ലപ്പെട്ടത്. അതേസമയം, പ്രതിഷേധം ശക്തമായതോടെ സമൂഹമാധ്യമങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന.

ഈ മാസം നാലിനാണ് ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്, യുട്യൂബ്, ലിങ്ക്ഡ്ഇന്‍ അടക്കം 26 സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളെ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. സമൂഹമാധ്യമ ഉപയോഗ നിയന്ത്രണത്തിനുള്ള നിയമമനുസരിച്ച് സമൂഹമാധ്യമങ്ങള്‍ റജിസ്റ്റര്‍ ചെയ്യണമെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിന് സെപ്തംബര്‍ 4 വരെ സമയവും നല്‍കി. ആ സമയപരിധി കഴിഞ്ഞും റജിസ്റ്റര്‍ ചെയ്യാതിരുന്ന പ്ലാറ്റ്‌ഫോമുകളെയാണ് നിരോധിച്ചത്.

അതേസമയം, നേപ്പാളിലെ രാഷ്ട്രീയക്കാരുടെ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതില്‍ ഉയരുന്ന പ്രതിഷേധവും പരിഹാസവും അധികാരികളെ അസ്വസ്ഥരാക്കിയെന്നും അതിനു തടയിടാനാണ് റജിസ്‌ട്രേഷന്റെ പേരു പറഞ്ഞുള്ള നിരോധനമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സമൂഹമാധ്യമ നിരോധനം പ്രതിഷേധത്തിനു കാരണമാണെങ്കിലും അതു മാത്രമല്ല നേപ്പാളിലെ ചെറുപ്പക്കാരെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നു സമരക്കാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Scroll to Top